വൈത്തിരി, പടിഞ്ഞാറത്തറ...; വെടിയൊച്ച നിലക്കാതെ കബനീതടം
text_fieldsമാവോയിസ്റ്റുകളുടെ രക്തംകൊണ്ട് ചുവക്കുകയാണ് വയനാട്. കഴിഞ്ഞ വർഷം വൈത്തിരിയിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലെങ്കിൽ ഇത്തവണ പടിഞ്ഞാറത്തറ ബാണാസുര വനത്തിൽ മറ്റൊരു മാവോയിസ്റ്റ്. ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്നതെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും, ജലീൽ വധത്തിൽ ഉൾപ്പെടെ, തെളിവുകൾ വിരൽചൂണ്ടുന്നത് പൊലീസിന് നേരെ തന്നെയാണ്.
2019 മാർച്ച് ഏഴിനാണ് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ സി.പി. ജലീൽ കൊല്ലപ്പെട്ടത്. മാവോവാദികൾ വെടിയുതിർത്തപ്പോൾ തിരികെ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ജലീലിന്‍റെ മൃതദേഹത്തിനരികിൽ നിന്ന് നാടൻ തോക്കും കണ്ടെടുത്തിരുന്നു.
എന്നാൽ, ജലീലിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന പൊലീസ് വാദത്തിന് ഫോറൻസിക് റിപ്പോർട്ടിൽ തിരിച്ചടിയേറ്റു. ജലീലിെൻറ തോക്കിൽനിന്ന് വെടിയുതിർത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ജലീൽ ഉപയോഗിച്ചെന്ന് പറയുന്ന റൈഫിളിൽ നിന്ന് വെടിപൊട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, പൊലീസ് ഹാജരാക്കിയ സർവിസ് തോക്കുകളിൽ ഒമ്പത് എണ്ണത്തിൽനിന്ന് വെടിയുതിർത്തിട്ടുണ്ടെന്നും പറയുന്നു. ജലീലിെൻറ വലതു കൈയിൽ വെടിമരുന്നിെൻറ അവശിഷ്ടം കണ്ടെത്തിയിട്ടുമുണ്ടായിരുന്നില്ല.
പിറകിൽനിന്നുള്ള വെടിയേറ്റ് വെടിയുണ്ട തല തുളച്ച് കടന്നുപോയ നിലയിലായിരുന്നു ജലീലിന്‍റെ മൃതദേഹം. ജലീലിനെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചിരുന്നു. ലക്കിടി വെടിവെപ്പുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെങ്കിലും പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചത്.
പടിഞ്ഞാറത്തറയിലേതും വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. കാപ്പിക്കളം മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപമാണ് സംഭവം നടന്നത്. എന്നാൽ, സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയോ നാട്ടുകാരെയോ പ്രവേശിപ്പിക്കാൻ അനുവദിക്കാതെ തടഞ്ഞുവെച്ചത് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. രാവിലെ 8.30നും ഒൻപതിനും ഇടയിലാണ് വെടിവെപ്പുണ്ടായത്. മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഈ സമയത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു.
എന്നാൽ, മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായും വെടിവെപ്പിനെ തുടര്‍ന്ന് അഞ്ച് പേര്‍ ചിതറിയോടിയതായുമാണ് എസ്.പി പൂങ്കുഴലി പറഞ്ഞത്. മാവോയിസ്റ്റുകള്‍ ആദ്യം തണ്ടര്‍ബോള്‍ട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചതായും എസ്.പി പറഞ്ഞു.
വ്യാജ ഏറ്റുമുട്ടലെന്ന് സംശയിക്കുന്നതായി പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷാന്റോ ലാല്‍ പറയുന്നു. പരിക്കേറ്റ ആരെങ്കിലും കസ്റ്റഡിയിലുണ്ടെങ്കില്‍ വൈദ്യ സഹായം ഉറപ്പു വരുത്തണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഇടത് സർക്കാർ അധികാരത്തിലേറിയ ശേഷം ഏഴ് മാവോയിസ്റ്റുകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടതെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. 2016 നവംബറിൽ മലപ്പുറത്തെ കരുളായി വനത്തിൽ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ അട്ടപ്പാടി മഞ്ചക്കട്ടി ഊരിൽ തണ്ടർബോൾട്ടിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത് മൂന്ന് മാവോയിസ്റ്റുകളാണ്. ഇവരെ പിടികൂടിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. എന്നാൽ, ഏറ്റുമുട്ടലിലാണ് വെടിവെച്ചതെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.