വൈറ്റില ഫ്ലൈ ഒാവർ: അലൈൻമെൻറ് പരാതികൾ ഗൗരവമുള്ളതെന്ന് ഹൈകോടതി
text_fieldsകൊച്ചി: വൈറ്റില ഫ്ലൈ ഒാവർ അലൈൻമെൻറിെൻറ അപാകതകളെക്കുറിച്ച പരാതികൾ ഗൗരവമുള്ളതെന്ന് ഹൈകോടതി. പരാതികളും നിർദേശങ്ങളും പരിഗണിക്കുന്നത് സാധ്യമാണോയെന്ന് ആരാഞ്ഞ കോടതി മൂന്നു തട്ടുകളിലായി ഗതാഗതം പുനഃക്രമീകരിക്കുന്ന തരത്തിൽ അത്യാധുനിക ഫ്ലൈ ഒാവർ നിർമിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനാവുമോയെന്ന് ഒരാഴ്ചക്കകം അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി. നിലവിലെ അലൈൻമെൻറ് അനുസരിച്ച് ഫ്ലൈ ഒാവർ നിർമിച്ചാൽ ഗതാഗതക്കുരുക്ക് കുറക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി നെട്ടൂർ സ്വദേശി ഷമീർ അബ്ദുല്ല നൽകിയ പൊതു താൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
സിഗ്നൽ ലൈറ്റ് കാത്ത് നിൽക്കാെത വാഹനങ്ങൾക്ക് എല്ലാ റോഡിലേക്കും സുഗമമായി സഞ്ചരിക്കാനാവുന്ന വിധത്തിലുള്ളതല്ല നിലവിൽ നിർമിക്കാനുദ്ദേശിക്കുന്ന ഫ്ലൈ ഒാവറെന്ന് ഹരജിയിൽ പറയുന്നു. ഒാരോ റോഡിൽനിന്നും മൂന്നു ദിശകളിലേക്ക് വാഹനങ്ങൾക്ക് തിരിയാൻ സാധിക്കണം. ഇങ്ങനെ മൊത്തം 15 ദിശകളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ഇപ്പോഴത്തെ ഫ്ലൈ ഒാവർ മതിയാവില്ല. മൂന്നു തട്ടിലായി ഗതാഗതം ക്രമീകരിക്കുന്ന ഫ്ലൈ ഒാവർ വേണമെന്ന് വ്യക്തമാക്കി മെട്രോമാൻ ഇ. ശ്രീധരൻ പൊതുമരാമത്ത് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു.
പൊതുജനത്തിെൻറ നികുതി പണം ഉപയോഗിച്ചുണ്ടാക്കുന്ന പദ്ധതികൾ അവർക്ക് ഉപകരിക്കുന്നതാവണമെന്ന് കോടതി നിരീക്ഷിച്ചു. ഫ്ലൈ ഒാവർ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം തന്നെ കുരുക്കുകളില്ലാത്ത വിധം മുകളിലൂടെ മറുവശം കടക്കലാണ്. എന്നാൽ, ഇടപ്പള്ളിയിലുൾപ്പെടെ ഫ്ലൈ ഒാവർ വന്നിട്ടും ഏറെ നേരം സിഗ്നലിന് കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. ഇൗ അവസ്ഥ തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പദ്ധതികൾ ഭാവി തലമുറയെ കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതാകണം.
രണ്ടു റോഡിലെ മാത്രം തിരക്ക് കുറക്കാൻ എന്തിനാണ് ഇത്ര വലിയ പദ്ധതിയെന്ന് കോടതി ആരാഞ്ഞു. ഒരിക്കൽ പണിതിട്ട് സൗകര്യക്കുറവിെൻറ പേരിൽ പൊളിച്ച് പണിയൽ പ്രായോഗികമല്ലാത്തതിനാൽ എല്ലാ വശങ്ങളും പഠിച്ചുവേണം പദ്ധതി തയാറാക്കേണ്ടതും നടപ്പാക്കേണ്ടതും. കേന്ദ്ര ഫണ്ടുൾപ്പെടെ വേണ്ടെന്ന നിലപാട് സ്വീകരിച്ചാണ് നിർമാണം സംസ്ഥാന സർക്കാർ സ്വയം ഏറ്റെടുത്ത് നടപ്പാക്കുന്നത്. അതിനാൽ, ഫണ്ടിെൻറ പേരിൽ സൗകര്യപ്രദമായ രൂപരേഖയിലുള്ള നിർമാണം പരിഗണിക്കാതിരിക്കാനാവില്ല. ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ആർ.ബി.ഡി.സി.കെ, കൊച്ചി, ഡൽഹി മെട്രോ റെയിൽ അധികൃതർ, കൊച്ചി കോർപറേഷൻ മേയർ, ജി.സി.ഡി.എ ചെയർമാൻ, വൈറ്റില മൊബിലിറ്റി ഹബ് എം.ഡി എന്നിവരുടെ യോഗം ചേരാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.