വൈറ്റില മേൽപാലം തുറന്നത് വി4 കേരളക്കാർ; നേതാവ് നിപുണിനെ അറസ്റ്റ് ചെയ്തത് ഫ്ലാറ്റ് വളഞ്ഞ് (വിഡിയോ)
text_fieldsകൊച്ചി: ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ വൈറ്റില മേൽപാലത്തിൽ ബാരിക്കേഡ് നീക്കി വാഹനങ്ങൾ കയറ്റിയത് വി4 കേരളക്കാർ, സംഭവത്തിൽ നാലുപേർ പിടിയിൽ. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ഇവർ ബാരിക്കേഡ് തുറന്ന് ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കടത്തിവിട്ടത്.
സംഘടനയുടെ കൊച്ചി ഘടകമായ 'വി ഫോർ കൊച്ചി'യുടെ കോർഡിനേറ്റർ നിപുൺ ചെറിയാൻ, ആഞ്ജലോസ്, വർഗീസ്, സുരാജ് ഡെന്നീസ് എന്നിവരാണ് അറസ്റ്റിലായത്. നാല്‍പതോളം പൊലീസുകാര്‍ അര്‍ധരാത്രി കാക്കനാട്ടെ ഫ്ലാറ്റ് വളഞ്ഞാണ് നിപുണിനെ അറസ്റ്റ് ചെയ്തത്.
പാലത്തിൽ അതിക്രമിച്ചു കടന്നതിന് 10 വാഹന ഉടമകൾക്കെതിരെയും മരട് പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പിന്‍റെ പരാതിയിലാണ് കേസ്. മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
നിരവധി വാഹനങ്ങളാണ് പാലത്തിൽ കയറിയത്. എന്നാൽ മറുവശം അടച്ചിരുന്നതിനാൽ വാഹനങ്ങൾ പാലത്തിൽ കുരുങ്ങി. ഇത് വലിയ ഗതാഗതകുരുക്കിനാണ് വഴിവച്ചത്. പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് ബലമായി തിരിച്ചിറക്കുകയും ചെയ്തിരുന്നു. കാറുകളും ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ അര മണിക്കൂറോളമാണ് പാലത്തിൽ കുരുങ്ങിയത്.
അതേസമയം, പാലം സമരത്തിലായിരുന്നെങ്കിലും പാലം തുറന്നത് തങ്ങളല്ലെന്ന് വി ഫോര്‍ കേരള ഭാരവാഹികള്‍ അറിയിച്ചു. അറസ്റ്റിൽ പ്രതിഷേധിച്ച് വിഫോർ കൊച്ചി പ്രവർത്തകർ മരട് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നുണ്ട്.
എന്നാൽ വൈറ്റില മേല്‍പാലം ജനകീയ ഉദ്ഘാടനം കഴിഞ്ഞെന്ന് നിപുൺ ചെറിയാൻ ചൊവ്വാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ച് വഴി തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര കുറ്റകൃത്യം ആണ് ചെയ്തിരിക്കുന്നത്. ഈ ഉദ്യോഗസ്ഥർക്കെതിരെ വി4 കേരള നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.