വടക്കാഞ്ചേരി കൂട്ടബലാത്സംഗം; സംസ്ഥാന സെക്രട്ടേറിയറ്റ് അന്വേഷണം അപൂര്‍വ നടപടി
text_fieldsകൊച്ചി: സി.പി.എം എറണാകുളം ജില്ല കമ്മിറ്റിയംഗവും ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായ വി.എ. സക്കീര്‍ ഹുസൈനെതിരായ നടപടി കാര്യത്തില്‍ പാര്‍ട്ടി ജില്ല നേതൃത്വത്തില്‍ ചേരിതിരിവ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷമായ ഭിന്നതയുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങള്‍ പ്രത്യേകം യോഗം ചേര്‍ന്ന ശേഷമാണ് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനമുണ്ടായത്.
സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തില്‍ ഒൗദ്യോഗിക പക്ഷത്തെ എം.എം. ലോറന്‍സ്, സി.എം. ദിനേശ്മണി തുടങ്ങിയവര്‍ നടപടി വേണമെന്ന ആവശ്യക്കാരായിരുന്നു. സംസ്ഥാന സമിതിയംഗങ്ങളില്‍ രണ്ടുപേര്‍ മാത്രമാണ് വിരുദ്ധ നിലപാടെടുത്തത്. തുടര്‍ന്ന് ജില്ലാ സെക്രട്ടറി പി. രാജീവ്തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് സക്കീര്‍ ഹുസൈന്‍ മാറി നില്‍ക്കുന്നതായിരിക്കും ഉചിതമെന്ന നിലപാട് യോഗത്തില്‍ അറിയിക്കുകയായിരുന്നു.
രാവിലെ നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സക്കീറിനെതിരെ ശക്തമായ നിലപാട് വേണമെന്ന് ഒൗദ്യോഗിക പക്ഷത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നു.
വി.എസ്. പക്ഷത്തുള്ള നേതാക്കളും നടപടി വേണമെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍, ടി.കെ. മോഹനന്‍, പി.എം. ഇസ്മയില്‍ തുടങ്ങിയ പഴയ വി.എസ് പക്ഷക്കാര്‍ ഉള്‍പ്പെടെ ഒരുവിഭാഗം നേതാക്കള്‍ സക്കീറിനെ ന്യായീകരിച്ച് രംഗത്ത് വന്നതോടെയാണ് സംസ്ഥാന സമിതിയംഗങ്ങളുടെ പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചത്.
അതേസമയം സക്കീര്‍ ഹുസൈനെതിരായ പരാതി സംസ്ഥാന നേതൃത്വം നേരിട്ട് പരിഗണിക്കാന്‍ തീരുമാനിച്ചത് സി.പി.എമ്മിലെ അപൂര്‍വ നടപടിയായി വിലയിരുത്തപ്പെടുന്നു. ഒരു ജില്ല കമ്മിറ്റിയംഗത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന നേതൃത്വം മുന്നിട്ടിറങ്ങുന്ന സാഹചര്യം പാര്‍ട്ടിവൃത്തങ്ങളില്‍ ആശ്ചര്യവും ആശയക്കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ട്. നേതാക്കളുടെ റിയല്‍ എസ്റ്റേറ്റ്-മാഫിയ ബന്ധങ്ങള്‍ക്കെതിരെ നേരത്തേയും കര്‍ശന നടപടി വേണമെന്ന ആവശ്യമുയര്‍ന്ന ജില്ലയാണ് എറണാകുളം.
പാര്‍ട്ടിയില്‍ മറ്റൊരു നേതാവിനും ലഭിക്കാത്ത സംരക്ഷണ കവചം ആരോപണവിധേയന് ലഭിക്കുന്നുവെന്ന വിമര്‍ശനത്തിന് മൂര്‍ച്ച കൂട്ടുന്ന തീരുമാനമാണ് വെള്ളിയാഴ്ച ജില്ല സെക്രട്ടേറിയറ്റിലുണ്ടായതെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സി.പി.എം നയിക്കുന്ന സര്‍ക്കാര്‍തന്നെ കുറ്റകൃത്യം നടന്നതായി സ്ഥിരീകരിച്ച് സക്കീറിന്‍െറ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്തിട്ടുണ്ടെങ്കിലും പൊലീസിന്‍െറ നടപടികള്‍ സംശയകരമാണെന്ന നിലപാടില്‍ സി.പി.എം ജില്ലാ നേതൃത്വം ഉറച്ചുനില്‍ക്കുകയാണ്.
തുടക്കം മുതല്‍ വീണ്ടും അന്വേഷണം
തൃശൂര്‍: വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍. ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ ആരോപണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് തുടക്കം മുതല്‍ വീണ്ടും അന്വേഷിക്കും. പേരാമംഗലം സി.ഐ മോശമായി പെരുമാറിയെന്ന പരാതിയുടെയും അന്വേഷണത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിന്‍െറയും അടിസ്ഥാനത്തിലാണ് തുടക്കം മുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്.
മലപ്പുറത്തുനിന്ന് മടങ്ങുന്നതുവഴി എ.ഡി.ജി.പി ഡോ. ബി. സന്ധ്യ ഇന്നലെ വൈകീട്ട് തൃശൂരില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്തു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് എ.ഡി.ജി.പി എത്തിയത്. പൊലീസ് ക്ളബില്‍ കമീഷണറും അസി.കമീഷണര്‍മാരും ഉള്‍പ്പെടെയുള്ളവരും പങ്കെടുത്ത യോഗം കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയതായാണ് വിവരം.
തിരുവനന്തപുരത്ത് യുവതിയുടെ വെളിപ്പെടുത്തലുണ്ടായ വ്യാഴാഴ്ച വൈകീട്ട തന്നെ കേസ് അന്വേഷണചുമതല ഗുരുവായൂര്‍ അസി. കമീഷണര്‍ പി.എ. ശിവദാസന് കൈമാറി അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍, വനിതാ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും മറ്റും ആവശ്യത്തിന്‍െറ പശ്ചാത്തലത്തില്‍ എ.ഡി.ജി.പിമാരായ ബി. സന്ധ്യക്കോ ആര്‍. ശ്രീലേഖക്കോ അന്വേഷണ മേല്‍നോട്ട ചുമതല നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ഐ.ജി എം.ആര്‍. അജിത്കുമാറിന്‍െറ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണം. ബലാത്സംഗം സംബന്ധിച്ച ആരോപണമായതിനാല്‍ വനിതാ ഉദ്യോഗസ്ഥയെകൂടി സംഘത്തില്‍ ഉള്‍പ്പെടുത്തും.
പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. യുവതി പറയുന്ന സമയത്തും സ്ഥലത്തുമത്തെി മൊഴിയെടുത്തേക്കും. ആരോപണ വിധേയനായ ജയന്തന്‍െറ മൊഴിയും രേഖപ്പെടുത്തും. വെളിപ്പെടുത്തലുണ്ടായ ഉടന്‍ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ഡോ.ജെ. ഹിമേന്ദ്രനാഥ്, അസി. കമീഷണര്‍മാരായ പി.എ. ശിവദാസന്‍, സി.എസ്. ഷാഹുല്‍ഹമീദ് എന്നിവരുമായി ഐ.ജി ചര്‍ച്ച നടത്തിയിരുന്നു.
മുമ്പ് പരാതി അന്വേഷിച്ച പേരാമംഗലം സി.ഐ മണികണ്ഠനെ ഫോണില്‍ വിളിച്ച് വിശദാംശങ്ങള്‍ തേടുകയും ചെയ്തു. ഇവയെല്ലാം പരിശോധിച്ച ശേഷമാണ് യുവതി നേരത്തെ നല്‍കിയ പരാതി അടിസ്ഥാനമാക്കി തുടക്കം മുതല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.