വാഫി വിലക്ക്: സമസ്ത നേതൃ സംഗമത്തിൽ ബഹളം
text_fieldsമലപ്പുറം: സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ചേളാരിയിൽ ചേർന്ന പോഷക സംഘടന ഭാരവാഹികളുടെ നേതൃ യോഗത്തിൽ കോ ഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസിന് (സി.ഐ.സി) കീഴിലുള്ള വാഫി കോളജുകളും സമസ്ത നേതൃത്വവും തമ്മിലുള്ള ഭിന്നതയെ ചൊല്ലി ബഹളം. സി.ഐ.സി - സമസ്ത ഭിന്നതയുമായി ബന്ധപ്പെട്ട വിശദീകരണത്തിനിടെ സദസ്സിൽ നിന്ന് ചോദ്യമുയർന്നതോടെയുണ്ടായ തർക്കം ബഹളത്തിൽ കലാശിക്കുകയായിരുന്നു.
സി.ഐ.സി വിവാദവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും നൽകിയ കത്തുകൾ സമസ്ത മാനേജർ കെ. മോയിൻകുട്ടി യോഗത്തിൽ വായിക്കുന്നതിനിടെയാണ് ബഹളമുണ്ടായത്. സെപ്റ്റംബർ 22ന് നൽകിയ കത്തിന്‍റെ അവസാന ഭാഗം യോഗത്തിൽ വായിക്കാതെ വിട്ടുകളഞ്ഞത് സി.ഐ.സി വൈസ് പ്രസിഡന്‍റ് പി.എസ്.എച്ച് തങ്ങൾ ചോദ്യംചെയ്തു. ആ ഭാഗം വായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ഒരു വിഭാഗം തക്ബീർ മുഴക്കി ബഹളമുണ്ടാക്കുകയായിരുന്നു. അതിനിടെ വിഷയം ചർച്ച ചെയ്യാൻ അവസരം വേണമെന്ന് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ പറഞ്ഞു. എന്നാൽ സമയമില്ലെന്ന് പറഞ്ഞ് നേതൃത്വം വിഷയം അവസാനിപ്പിക്കുകയായിരുന്നു.
വാഫി കലോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പൊതുജനങ്ങളെ വിലക്കിയിട്ടില്ലെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സമസ്ത നേതാക്കളോടാണ് പങ്കെടുക്കരുതെന്ന് പറഞ്ഞത്. വാഫി സമ്മേളനം നല്ല നിലക്ക് നടക്കട്ടെ എന്നാണ് നമ്മളൊക്കെ പറഞ്ഞതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു.
ഏകോപന സമിതി കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത വൈസ് പ്രസിഡന്‍റ് യു.എം. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.