വാഫി കോളജ് പ്രശ്നത്തിന് പരിഹാരം
text_fieldsമലപ്പുറം: സമസ്ത -സി.ഐ.സി തർക്കത്തിന് മുസ്ലിം ലീഗ് ഇടപെടലിൽ പരിഹാരം. സമസ്തയുടെ നിർദേശങ്ങൾ കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) സെനറ്റ് യോഗം അംഗീകരിച്ചു. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ഫോർമുല സമസ്ത നേതാക്കൾ സാദിഖലി തങ്ങൾക്ക് സമർപ്പിച്ചിരുന്നു. ഇതിൽ പ്രധാനമായും വ്യവസ്ഥയുണ്ടായത് സി.ഐ.സി സ്ഥാപനങ്ങൾ സമസ്തയുടെ ഭരണഘടന അനുസരിച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്, അക്കാദമിക വിഷയങ്ങളിൽ സമസ്തക്ക് ഇടപെടാം തുടങ്ങിയവയാണ്. സമസ്ത നിയോഗിക്കുന്ന സമിതി സി.ഐ.സി കോളജുകളിൽ പരിശോധന നടത്തും. ഇത് സി.ഐ.സി സെനറ്റ് അംഗീകരിച്ചു.
അതേസമയം, സി.ഐ.സി സെനറ്റിന് അക്കാദമിക വിഷയങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമുണ്ടാവും. സി.ഐ.സിയിൽനിന്ന് ഇടക്കാലത്ത് രൂപവത്കരിച്ച എസ്.എൻ.ഇ.സിയിലേക്ക് മാറിയ സ്ഥാപനങ്ങളുടെ വിഷയത്തിൽ എന്ത് നിലപാടാണ് ഉണ്ടാവുക എന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ല. സി.ഐ.സി സെക്രട്ടറി പദവിയിൽനിന്ന് അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി നൽകിയ രാജി സി.ഐ.സി സെനറ്റ് അംഗീകരിച്ചില്ല.
ആദൃശ്ശേരിയും 118 സി.ഐ.സി പ്രവർത്തകരുമാണ് രാജിവെച്ചിരുന്നത്. ആദ്യം നൽകിയ രാജി സെനറ്റ് തള്ളിയെങ്കിലും യോഗത്തിൽ വെച്ച് അബ്ദുൽ ഹകീം ഫൈസി സ്വമേധയാ രാജി നൽകി. ആദ്യത്തെ രാജി സ്വമേധയാ ആയിരുന്നില്ലെന്നും പ്രശ്നപരിഹാരത്തിന്റെ ഭാഗമായി സാദിഖലി തങ്ങളുടെ നിർദേശപ്രകാരം രാജി നൽകുകയായിരുന്നുവെന്നും യോഗം വിലയിരുത്തി. ഈ രാജിയാണ് സെനറ്റ് അംഗീകരിക്കാതിരുന്നത്. അതേസമയം, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി സ്വമേധയാ രാജിവെക്കുകയാണെന്ന പ്രസ്താവന സെനറ്റ് അംഗീകരിച്ചു. ഹബീബുല്ല ഫൈസി ജനറൽ സെക്രട്ടറിയായി തുടരും.
സി.ഐ.സി സിലബസിൽ ‘പുത്തനാശയ’ക്കാരുടെ ആശയങ്ങൾ ഉണ്ട് എന്ന ആരോപണം തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ അത് പിൻവലിക്കണമെന്ന് സെനറ്റ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. സി.ഐ.സി സ്ഥാപനങ്ങളിലെ വിദ്യാർഥികളെ വഴിയാധാരമാക്കുന്ന നടപടികൾ പല സ്ഥാപനങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും ഇതാവർത്തിക്കരുതെന്നും പ്രമേയത്തിൽ പറഞ്ഞു.
65ഓളം കോളജുകളിലെ മാനേജ്മെന്റ്, അക്കാദമിക് പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. പാണക്കാട് മർവ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാവിലെ 11ന് തുടങ്ങിയ യോഗം ഉച്ചക്ക് രണ്ടുവരെ തുടർന്നു. സെനറ്റ് തീരുമാനങ്ങൾ സമസ്ത മുശാവറ ചർച്ച ചെയ്യും. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രശ്നങ്ങൾ പരിഹരിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുടെ നിർദേശങ്ങൾ സി.ഐ.സി അംഗീകരിച്ചെന്നും ഇത് മുശാവറയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് -സമസ്ത നേതാക്കൾ കോഴിക്കോട്ട് നടത്തിയ കൂടിക്കാഴ്ചയിൽ പ്രശ്നപരിഹാരത്തിനുള്ള സമ്മർദം ലീഗ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.