വാഗൺ കൂട്ടക്കൊല: പിതാവിന്‍റെ പോരാട്ട വഴികളുടെ ഓർമയിൽ ഉണ്ണിക്കോയ തങ്ങൾ
text_fieldsപെരിന്തൽമണ്ണ: രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ അനേകം പേരുകൾക്കൊപ്പം, വാഗൺ കൂട്ടക്കൊലയുടെ നൂറാം ആണ്ടിലും വിസ്മരിക്കപ്പെടാത്ത ദേശപ്പേരാണ് കുരുവമ്പലം. നിരവധി ദേശസ്നേഹികളുടെ പിന്മുറക്കാരുടെ നാട്. 1921 നവംബർ 19നാണ് ബ്രിട്ടീഷുകാർ നൂറുപേരെ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് അവിടെനിന്ന് ചരക്കു തീവണ്ടിയിലെ ബോഗിയിൽ കുത്തിനിറച്ച് കോയമ്പത്തൂർ ജയിലിലേക്ക് അയച്ചത്. 180 കി.മീ അകലെ പോത്തന്നൂരിൽ വണ്ടിയെത്തിയപ്പോൾ കാഴ്ച ഭീകരമായിരുന്നു. ജീവവായു കിട്ടാതെ മരിച്ചത് 64 പേർ. ജീവനോടെയെത്തിയ ശേഷവും ചിലർ മരിച്ചു. ശേഷിച്ച 28 പേരെ ജയിലിലേക്ക് മാറ്റി.
ബോഗിയിലെ ആണി അടർന്ന ദ്വാരത്തിൽ മൂക്ക് ചേർത്തുവെച്ച് അതിജീവിച്ചവരിൽ പുലാമന്തോൾ കുരുവമ്പലത്തെ ഇസ്മാഈൽ കോയക്കുട്ടി തങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ 79കാരനായ ഉണ്ണിക്കോയ തങ്ങൾ, താൻ ജനിക്കുന്നതിനു മുമ്പ് നടന്നതാണെങ്കിലും ഇന്നും ഓർക്കുന്നു, പിതാവിന്‍റെ സ്വാതന്ത്ര്യസമര പോരാട്ട വഴികൾ.
ചേലക്കരക്കടുത്തായിരുന്നു ഇസ്മാഈൽ കോയക്കുട്ടി തങ്ങൾ താമസിച്ചിരുന്നത്. 14 വർഷത്തോളം ഖാദിയാറോഡിലെ പള്ളിയിൽ ഖാദിയായിരുന്നു. പിന്നീട് ചെമ്മലശേരിയിലെത്തി. വള്ളുവങ്ങാട് അഹമ്മദ് കോയ തങ്ങളുടെ മകൾ ബീക്കുഞ്ഞിയെ വിവാഹം കഴിച്ചെങ്കിലും മക്കളുണ്ടായില്ല. അവരുടെ മരണശേഷം കുരുവമ്പലേത്തക്ക് താമസം മാറ്റി. 1920ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ ആകൃഷ്ടനായി സമരത്തിന്‍റെ ഭാഗമായി. വിവിധ കുറ്റങ്ങൾ ചുമത്തി പിടികൂടിയ സമരസേനാനികളെ കാളവണ്ടിയിൽ കെട്ടിവലിച്ച് മലപ്പുറത്തെത്തിച്ച ശേഷമാണ് തിരൂരിൽനിന്ന് ബോഗിയിൽ കുത്തിനിറച്ച് കോയമ്പത്തൂർ ജയിലിലേക്കയച്ചത്.
ജീവനുമായി തിരികെയെത്തിയവരെ വീണ്ടും ജയിലിലേക്ക് മാറ്റി. കൂട്ടത്തിൽ കോയക്കുട്ടി തങ്ങളുമുണ്ടായിരുന്നു. 11 വർഷം തടവിന് വിധിച്ച് ബെല്ലാരി ജയിലിലേക്കയച്ചു. ഒമ്പത് വർഷം കഴിഞ്ഞ് 1930ൽ തിരിച്ചെത്തി. കൃഷിയിലേക്ക് തിരിഞ്ഞു. ആദ്യ ഭാര്യയായിരുന്ന ബീക്കുഞ്ഞിയുടെ അനുജത്തിയെ വിവാഹം ചെയ്തു. ഏഴ് മക്കളിൽ ജീവിച്ചിരിക്കുന്നത് ഉണ്ണിക്കോയ തങ്ങളും ഉമ്മു സൽമയെന്ന ചെറിയ ബീവിയും ഫാത്തിമത്ത് സുഹ്റയുമാണ്. എന്തിനായിരുന്നു സമരത്തിനും കുഴപ്പങ്ങൾക്കും പോയതെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ഉപ്പ നൽകിയ മറുപടി ബ്രിട്ടീഷുകാരെ തുരത്തേണ്ടത് ആവശ്യമായിരുന്നു എന്നാണെന്ന് ഉണ്ണിക്കോയ തങ്ങൾ ഓർക്കുന്നു. സമരനേതാക്കൾ പറഞ്ഞത് പ്രകാരമാണ് പുലാമന്തോൾ പാലം പൊളിക്കാനടക്കം പുറപ്പെട്ടതെന്നും ഉപ്പ പറഞ്ഞതായി അദ്ദേഹം ഓർത്തെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.