വഹാബ് പക്ഷത്തെ തഴഞ്ഞ് ഐ.എൻ.എൽ അഡ്ഹോക് കമ്മിറ്റി; നടപടി തള്ളി വഹാബ്
text_fieldsകോഴിക്കോട്: ഐ.എൻ.എൽ സെക്രട്ടേറിയറ്റും പ്രവർത്തക സമിതിയും കൗൺസിലും പിരിച്ചുവിട്ട് രൂപവത്കരിച്ച അഡ്ഹോക് കമ്മിറ്റിയിൽ പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബിനെ ഉൾപ്പെടുത്തിയെങ്കിലും അദ്ദേഹത്തോടൊപ്പമുള്ളവരെ തഴഞ്ഞു. പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, അഖിലേന്ത്യ ഉപാധ്യക്ഷന്‍ കെ.എസ്. ഫക്രുദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ. എ.എ. അമീന്, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി. ഹംസ ഹാജി, വൈസ് പ്രസിഡന്റ് എം.എം. മാഹീന് എന്നിവരാണ് അഡ്ഹോക് കമ്മിറ്റി അംഗങ്ങള്‍. അഹമ്മദ് ദേവര്കോവിലായിരിക്കും കമ്മിറ്റി ചെയര്മാന്. ബി. ഹംസ ഹാജി കണ്‍വീനറും.
എന്നാൽ, മധ്യസ്ഥരുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളെ മാനിക്കുകയോ ഇരുവിഭാഗത്തെയും കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട അഖിലേന്ത്യ നേതൃത്വത്തിന്റെ നടപടി തള്ളിക്കളയുന്നതായി എ.പി. അബ്ദുൽ വഹാബ് പ്രസ്താവനയിൽ പറഞ്ഞു.
പിളർപ്പിന്റെ വക്കിൽനിന്ന് മധ്യസ്ഥരുടെ ഇടപെടലിൽ ഒന്നായെന്നു തോന്നിച്ച് വീണ്ടും വിഭാഗീയതയുടെ പിടിത്തത്തിലായ പാർട്ടിയിൽ ആറു മാസമായി പ്രവർത്തകസമിതി യോഗം ചേരാതെ ഭരണഘടന പ്രതിസന്ധി ഉടലെടുത്തത് 'മാധ്യമം' കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുംവിധമാണ് ദേശീയ കമ്മിറ്റി ഇടപെടൽ. സംസ്ഥാന കമ്മിറ്റിയിൽ അമിതാധികാരമുള്ളതിനാൽ ദേശീയ കമ്മിറ്റി നേരത്തേതന്നെ കാസിം പക്ഷത്തോടൊപ്പമാണ്. ഈ അധികാരമുപയോഗിച്ചാണ് വഹാബ് അടക്കമുള്ളവരെ ദേശീയ കമ്മിറ്റി ഭാരവാഹി സ്ഥാനത്തുനിന്ന് പുറത്താക്കിയത്. പിന്നീട് മധ്യസ്ഥ തീരുമാനമനുസരിച്ച് തിരിച്ചെടുത്തെങ്കിലും ഇരുവിഭാഗവും ഇരു ധ്രുവങ്ങളിൽതന്നെയായിരുന്നു. ഞായറാഴ്ച ചേർന്ന യോഗത്തില്‍ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് പി.സി. കുര്യാല്‍, ജന. സെക്രട്ടറിമാരായ അഹമ്മദ് ദേവര്‍കോവില്‍, മുസമ്മില്‍ ഹുസൈന് തുടങ്ങി 41 അംഗങ്ങൾ പങ്കെടുത്തു.
പാർട്ടി പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണാനും ഇരുവിഭാഗത്തിൽനിന്നും അഞ്ചു പേർ വീതമുള്ള അനുരഞ്ജന സമിതിയെ തെരഞ്ഞെടുത്തിരുന്നുവെന്നും ഈ സമിതി വിളിച്ചുചേർക്കാനും ഉള്ളുതുറന്ന ചർച്ച നടത്താനുമുള്ള നിർദേശത്തെ ഒരു വിഭാഗം തള്ളിക്കളയുകയാണുണ്ടായതെന്നും അബ്ദുൽ വഹാബ് പറഞ്ഞു. അഖിലേന്ത്യ നേതൃത്വം അവരുടെ നിലപാടിനെ അംഗീകരിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമല്ലാതെ സംസ്ഥാന വിഷയങ്ങളിൽ അഖിലേന്ത്യ കമ്മിറ്റി ഇടപെടരുതെന്നുപോലും മധ്യസ്ഥ വ്യവസ്ഥയിലുണ്ടെന്നിരിക്കെ അഖിലേന്ത്യ കമ്മിറ്റിയുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം പ്രവർത്തകരും ഈ തീരുമാനത്തിനെതിരാണ്. ദേശീയ കമ്മിറ്റിയെക്കൊണ്ട് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാൻ മാസങ്ങളായി ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ നടപടിക്കു പിന്നിൽ. ഇതംഗീകരിക്കുന്ന പ്രശ്നമില്ല. ഇടതുപക്ഷ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തേണ്ട ഘട്ടത്തിൽ തുരങ്കംവെക്കുന്ന തരത്തിൽ ആരിടപെട്ടാലും അതിനെ ചോദ്യംചെയ്യും. ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന് പാർട്ടി ശക്തമായി മുന്നോട്ടുപോകും. സംസ്ഥാന സമിതി വിളിച്ചുചേർത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും വഹാബ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.