കാത്തിരിപ്പായിരുന്നു കൂട്ടുകാരാ...
text_fieldsകോഴിക്കോട്: കൂടെപ്പിറപ്പിനെപ്പോൽ എട്ടുകൊല്ലം കൂടെ വളർന്ന് ഒരുദിവസം പടിയിറങ്ങിപ്പോയ കൂട്ടുകാരനെ ഓർക്കാത്ത ദിവസം കുറവായിരുന്നു അവിടന്നിങ്ങോട്ട് നൗഷാദിന്. അനാഥാലയത്തിൽനിന്ന് പിതാവ് കൂട്ടിക്കൊണ്ടുവന്ന ആ കൂട്ടുകാരനെ നൗഷാദ് തിരഞ്ഞത് മൂന്നര പതിറ്റാണ്ട്. ഒടുവിലിതാ തിരച്ചിൽ സഫലമായി. താൻ തേടുന്ന അബ്ദു കുവൈത്തിലുണ്ടെന്ന ആനന്ദവാർത്ത നൗഷാദിനെ തേടിയെത്തിയിരിക്കുകയാണ്.
ഇപ്പോൾ കോഴിക്കോട് എരഞ്ഞിപ്പാലത്ത് താമസിക്കുന്ന എ.പി.എം. നൗഷാദിന്റെ പിതാവ് തലശ്ശേരി സൈതാർപള്ളിയിലെ കുഞ്ഞാലിക്കുട്ടിക്കേയി 35 വർഷം മുമ്പ് വയനാട് മുട്ടിൽ ഓർഫനേജിൽനിന്ന് അബ്ദുവിനെയും സഹോദരി സുലൈഖയെയും തലശ്ശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതായിരുന്നു. ഇരുവരും കുടുംബത്തിലെ അംഗങ്ങളായി എട്ടുവർഷത്തോളം ജീവിച്ചു. നൗഷാദിന് അബ്ദു സ്വന്തം അനുജനായിരുന്നു.
കുഞ്ഞാലിക്കുട്ടിക്കേയി നൗഷാദിനും അബ്ദുവിനും എല്ലാ കാര്യങ്ങളും ഒരുപോലെ ചെയ്തുകൊടുത്തു. ഇതിനിടെ അബ്ദുവിന്റെ 11ാം വയസ്സിൽ അവനെയും സുലൈഖയേയും സഹോദരൻ ഉമർ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതു തനിക്ക് വലിയ നോവായെന്ന് നൗഷാദ് ഓർക്കുന്നു. പിന്നീട് അബ്ദുവിന്റെ കുടുംബത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും വിവരം കിട്ടിയില്ല. ഒടുവിൽ, മുട്ടിൽ സ്വദേശി ഷഫീഖ് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.
വാട്സ്ആപ് ഗ്രൂപ്പുകൾ വഴി നടത്തിയ അന്വേഷണത്തിൽ അബ്ദുവിന്റെ സഹോദരി ഫാത്തിമയുടെ മകൻ ആബിദിനെ കണ്ടെത്തി. ഇതോടെ കാലം കാത്തുവെച്ച ആത്മബന്ധത്തിന്റെ കണ്ണികൾ കണ്ടെടുക്കാനായി. 17 വർഷമായി കുവൈത്തിൽ ജോലിചെയ്യുന്ന അബ്ദുവിനെ നൗഷാദ് ഫോണിൽ ബന്ധപ്പെട്ടു. തലശ്ശേരിയിലെ വിലാസത്തിൽ നിരവധി കത്തുകൾ അയച്ചിരുന്നുവെന്നും ഒന്നിനും മറുപടി ലഭിച്ചില്ലെന്നും അബ്ദു പറഞ്ഞു. കുറ്റ്യാടിയിലാണ് അബ്ദു വീട് നിർമിച്ചത്. എത്രയുംപെട്ടെന്ന് തമ്മിൽ കാണാനുള്ള തിടുക്കത്തിലാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.