ജൂഹിമോൾക്കായി നാടിന്റെ കാത്തിരിപ്പ്
text_fieldsകൊടുവള്ളി: കളിയും ചിരിയുമായി ഓടിനടന്ന് വീട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം പ്രിയപ്പെട്ടവളായ ജൂഹി (മൂന്ന്) കുഞ്ഞാറ്റയുടെ ചിരിക്കുന്ന മുഖമൊന്നുകാണാൻ കാത്തിരിക്കുകയാണ് പന്നൂർ ദേശത്തുകാർ. ചൂരൽമലയിലെ ഉരുൾപൊട്ടലിലാണ് അവളുടെ വല്യുപ്പയും വല്യുമ്മയും അടക്കം ഏഴ് കുടുംബാംഗങ്ങളെ കാണാതായത്.
കിഴക്കോത്ത് പന്നൂർ പാറയുള്ളകണ്ടി അബ്ദുൽ റഊഫിന്റെയും നൗഷിബയുടെയും ഇളയമകളാണ് ജൂഹി. നൗഷിബയുടെ പിതാവ് സാമൂഹികപ്രവർത്തകനും കോൺഗ്രസ് നേതാവുമായ എം.എസ്. യൂസുഫും ഭാര്യ ഫാത്തിമയും പന്നൂരിലെ വീട്ടിലെത്തിയിരുന്നു. ഇവിടെനിന്ന് ജൂഹി, ഇവർക്കൊപ്പം അഞ്ചുദിവസംമുമ്പ് ചൂരൽമലയിലുള്ള മാതൃസഹോദരി റുക്സാനയുടെ വീട്ടിലേക്ക് പോയതാണ്. ഇവിടെ സന്തോഷങ്ങൾ പങ്കിട്ട് വീട്ടുകാർക്കൊപ്പം കിടന്നുറങ്ങിയതായിരുന്നു ജൂഹി. യൂസഫ് (57), ഭാര്യ ഫാത്തിമ (55), മകൾ റുക്സാന, മകളുടെ ഭർത്താവ് മുനീർ, ഇവരുടെ മക്കളായ അമൽ നിഷാൻ, ഹിജാസ് റോഷൻ എന്നിവരും ദുരന്തത്തിൽപെടുകയായിരുന്നു. ചൂരൽമല ദുരന്തത്തിൽ ഏഴുപേരെയും കാണാതായി. ഇവർ താമസിച്ച വീട് നിന്ന സ്ഥലം തിരിച്ചറിയാനാവാത്തവിധം ഒലിച്ചുപോയി. ചൊവ്വാഴ്ച രാവിലെ റൂക്സാനയുടെ മൃതദേഹം കണ്ടെത്തി. റുക്സാന അഞ്ചുമാസം ഗർഭിണിയായിരുന്നു. മുനീറിന്റെ മാതാവിന്റെ മൃതദേഹം ചാലിയാർ പുഴയിൽനിന്ന് കണ്ടെത്തിയിരുന്നു. ജൂഹിക്കും മറ്റുബന്ധുക്കൾക്കുമായുള്ള തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.