വാളയാർ കേസ് സി.ബി.ഐക്ക്
text_fieldsതിരുവനന്തപുരം: വാളയാറിൽ രണ്ട് ദലിത് പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടു. സി.ബി.ഐക്ക് കൈമാറാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ സി.ബി.ഐ അന്തിമ തീരുമാനമെടുക്കും.
പെൺകുട്ടികളുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കേരളാ പൊലീസോ മറ്റ് ഏജൻസികളോ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും സി.ബി.ഐക്ക് കേസ് കൈമാറണമെന്നും ആയിരുന്നു രക്ഷിതാക്കൾ ആവശ്യം.
കേസിൽ തുടരന്വേഷണം പൊലീസ് നടത്തുന്നതിൽ വിശ്വാസമില്ലെന്നും പുനർ വിചാരണ കൊണ്ടുമാത്രം പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നും വാളയാർ സമരസമിതിയും ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.ഐ അന്വേഷണമോ ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നായിരുന്നു സമരസമിതിയുടെ നിലപാട്.
വാളയാറിൽ 13കാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. വി. മധു, ഷിബു, എം. മധു എന്നിവരാണ് കേസുകളിലെ ഒന്നും രണ്ടും നാലും പ്രതികൾ. മൂന്നാം പ്രതി പ്രദീപ്കുമാർ ആത്മഹത്യ ചെയ്തിരുന്നു.
അന്വേഷണം കോടതി മേൽനോട്ടത്തിലാവണം –കുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ കേസ് സി.ബി.െഎക്ക് വിടാനുള്ള തീരുമാനത്തിൽ സന്തോഷമുണ്ടെന്നും അന്വേഷണം ൈഹകോടതി മേൽേനാട്ടത്തിൽ വേണമെന്നും കുട്ടികളുടെ അമ്മ. കേസ് അട്ടിമറിക്കാൻ ഒത്താശ ചെയ്ത ഡിവൈ.എസ്.പി സോജനെതിരെ അന്വേഷണവും നടപടിയും വേണമെന്നും അവർ ആവശ്യപ്പെട്ടു.
കുറ്റവാളികളെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥരേയും പ്രോസിക്യൂട്ടറേയും സി.ബി.െഎ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് വാളയാർ നീതി സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.