വാളയാർ: വീഴ്ചകൾ തുറന്നുകാട്ടുന്ന ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് സഭയിൽ
text_fieldsതിരുവനന്തപുരം: വാളയാർ കേസിൽ പൊലീസിെൻറയും പ്രോസിക്യൂഷെൻറയും ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടുന്ന ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് നിയമസഭയിൽ വെച്ചു. കേസ് ആദ്യം അന്വേഷിച്ച എസ്.ഐ പി.സി. ചാക്കോക്കും വിചാരണയിൽ വീഴ്ചവരുത്തിയ രണ്ട് പ്രോസിക്യൂട്ടർമാർക്കുമെതിരെ കർശന നടപടിയും സ്വീകരിച്ചു. ചാക്കോയെ മേലിൽ ഇത്തരം കേസുകളുടെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തും. പ്രോസിക്യൂട്ടർമാരായിരുന്ന ലത ജയരാജിനെയും ജലജ മാധവനെയും സെഷൻസ് കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. കമീഷൻ റിപ്പോർട്ടിനൊപ്പം നടപടി റിപ്പോർട്ടും നിയമസഭയിൽവച്ചു.
അേന്വഷണ ഉദ്യോഗസ്ഥരുടെയും േപ്രാസിക്യൂട്ടർമാരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് ഹനീഫ കമീഷൻ റിപ്പോർട്ട്. സഹോദരിമാരുടെ മരണം ആദ്യം അന്വേഷിച്ച പി.സി. ചാക്കോ മാപ്പർഹിക്കാത്ത അന്യായമാണ് ചെയ്തതെന്ന് കമീഷെൻറ വിലയിരുത്തി. ആദ്യ കേസ് റിപ്പോർട്ട് ചെയ്തശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്.ഐ അവഗണിച്ചു. ചാക്കോക്കെതിരെ വകുപ്പുതല നടപടിക്കൊപ്പം, ഇനി കേസന്വേഷണത്തിൽനിന്ന് മാറ്റിനിർത്താനുമുള്ള ശിപാർശയാണ് കമീഷൻ നൽകിയത്. ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും സ്ഥിരമായി അന്വേഷണ ചുമതലകളിൽനിന്ന് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു. വിചാരണയിൽ വീഴ്ചവരുത്തിയ അഭിഭാഷകർക്ക് ഇനി സെഷൻസ് കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമനം നൽകില്ല.
കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സെഷൻസ് കോടതികളിൽ നിയമിക്കുന്ന പ്രോസിക്യൂട്ടർമാർക്ക് ചുമതല സ്വീകരിക്കുന്നതിന് രണ്ടുമാസം മുമ്പ് പരിശീലനം നൽകും. പ്രമാദ കേസുകളിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിന് മുന്നോടിയായി ക്രിമിനൽ കേസ് വാദിക്കുന്ന അഭിഭാഷകരുടെ പാനൽ തയാറാക്കി അതിൽനിന്ന് നിയമനം നടത്താനും തീരുമാനിച്ചു. വലിയ കേസുകളിൽ സ്വീകരിക്കേണ്ട നടപടിക്രമം സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെങ്കിൽ അക്കാര്യം പരിശോധിച്ച് നടപ്പാക്കാൻ ഡി.ജി.പിയെ ചുമതലപ്പെടുത്തിയതായും നടപടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2017 ലാണ് 13 ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.