വാളയാർ കേസ്: മൂന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി
text_fieldsപാലക്കാട്: വാളയാർ കേസിൽ പോക്സോ കോടതി കുറ്റവിമുക്തരാക്കിയ മൂന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി. ഒന്നും മൂന്നും നാലും പ്രതികളായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം. മധു, ചേർത്തല സ്വദേശി പ്രദീപ്കുമാർ, വി. മധു എന്നിവരെയാണ് ഹൈകോടതി ഉത്തരവ് പ്രകാരം പാലക്കാട് പോക്സോ കോടതിയിൽ ഹാജരാക്കിയത്. എം. മധു, വി. മധു എന്നിവരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുവരുകയായിരുന്നു.
അഭിഭാഷകൻ മുഖേനയാണ് പ്രദീപ്കുമാർ ഹാജരായത്. പ്രദീപ്കുമാറിെൻറ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മൂന്നു പേർക്കും ജഡ്ജ് എസ്. മുരളീകൃഷ്ണ ജാമ്യം അനുവദിച്ചു. രണ്ടാം പ്രതി ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ ഷിബുവിനെ കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടിലുണ്ടെന്ന് കരുതുന്ന ഇയാൾക്ക് വേണ്ടി വാറൻറ് പുറപ്പെടുവിപ്പിക്കും.
ഒന്നു മുതൽ നാലുവരെ പ്രതികെള വെറുതെവിട്ട നടപടിക്കെതിരെ സംസ്ഥാന സർക്കാറിെൻറ അപ്പീലും അമ്മയുടെ ഹരജിയും വേനലവധി കഴിഞ്ഞ് മേയ് 25ന് ഹൈകോടതി പരിഗണിക്കും. ആറ് കേസുകളിലായി നാല് പ്രതികളുടെ വിചാരണയാണ് നേരത്തെ പാലക്കാട് പോക്സോ കോടതിയിൽ നടന്നത്. രണ്ട് വർഷം നീണ്ട വിചാരണക്കൊടുവിൽ തെളിവുകളുടെ അഭാവത്തിൽ 2019 ഒക്ടോബറിൽ എം. മധു, ഷിബു, പ്രദീപ്കുമാർ, വി. മധു എന്നിവരെ കോടതി കുറ്റവിമുക്തമാക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത അഞ്ചാം പ്രതിയുടെ കേസ് പാലക്കാട് ജുവനൈൽ കോടതിയിലാണ്. ഇയാൾ കോടതി ഉപാധികളോടെ ജാമ്യത്തിലായതിനാൽ അറസ്റ്റ് ആവശ്യമില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. വാളയാറിൽ 13കാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒമ്പതുവയസ്സുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈകോടതി പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.