വാളയാറിലെ അമ്മ പിണറായിക്കെതിരെ ധർമടത്ത് മത്സരിക്കും
text_fieldsതൃശൂർ: വാളയാർ പെൺകുട്ടികളുടെ അമ്മ നീതിയാത്ര നിറുത്തിവെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കും. തൃശൂരിൽ വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം പ്രഖ്യാപിച്ചത്. മക്കൾക്ക് നീതി കിട്ടാൻ വേണ്ടിയും എല്ലാ അമ്മമാർക്കും വേണ്ടിയാണ് താൻ മത്സരിക്കുന്നത്. മക്കൾക്ക് നീതിതേടി സംസ്ഥാനത്തുടനീളം യാത്ര നടത്തുകയാണ് വാളയാറിലെ അമ്മ. കാസർകോട് നിന്നാരംഭിച്ച ജാഥ തൃശൂരിൽ അവസാനിപ്പിച്ചു.
നീതിയെ പറ്റി മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കണം, അതിനാണ് ധർമടത്ത് തന്നെ മത്സരിക്കുന്നത്. നീതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ കാല് വരെ പിടിച്ചു. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല. അന്വേഷണത്തിൽ കുറ്റകരമായ വീഴ്ച വരുത്തിയവർക്ക് സ്ഥാനക്കയറ്റം കൊടുക്കുകയാണ് ചെയ്തത്. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിത്.
നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ ഇല്ല.സംഘ്പരിവാർ ഒഴികെ ആര് പിന്തുണച്ചാലും സ്വീകരിക്കും. യു.ഡി.എഫ് അടക്കമുള്ള മതേതരപാർട്ടികളുടെ പിന്തുണ വാങ്ങും. മാധ്യമങ്ങൾ എന്‍റെ മുഖം മറയ്ക്കേണ്ട. ജാഥ മാത്രമേ നിറുത്തുന്നുള്ളൂ, സമരം തുടരും. ധർമടത്ത് പരാജയപ്പെട്ടാലും ജയിച്ചാലും നീതിയ്ക്കായുള്ള സമരം അവസാനിപ്പിക്കില്ല. എൽ.ഡി.എഫിന് തുടർഭരണമുണ്ടായാലും യു.ഡി.എഫ് ഭരിച്ചാലും സമര രീതിയിൽ മാറ്റം വരുത്തില്ല.
കേരള യാത്ര ധർമടത്തെത്തിയപ്പോൾ സ്വീകരിക്കാൻ കുറേ അമ്മമാർ എത്തിയിരുന്നു. അവർക്ക് ഒരു കത്ത് നൽകി. ധർമടത്ത് വോട്ട് തേടിയെത്തുന്ന മുഖ്യമന്ത്രിയോട് തന്റെ മക്കൾക്ക് നീതി തേടി തലമുണ്ഡനം ചെയ്ത ഒരമ്മ ഇവിടെ വന്നിരുന്നുവെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്. തനിക്ക് നീതി നൽകിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ നിരവധി അമ്മമാർ തന്നെ വിളിച്ചു. ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് ചോദിച്ചുകൂടാ എന്ന് അവർ തന്നോട് ചോദിച്ചു. തുടർന്ന് സമരസമിതിയുമായി ആലോചിച്ച ശേഷം മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
വാളയാർ കേസിൽ ആറാമനുണ്ടെന്ന് സംശയിക്കുന്നതായി സമര സമിതി രക്ഷാധികാരി സി.ആർ. നീലകണ്ഠൻ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് വന്നിട്ടും പൊലീസ് സംഘം നാല് തവണ വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ ചോദ്യം ചെയ്തത് ദുരൂഹമാണ്. തുടരന്വേഷണമാണോ പുനരന്വേഷണമാണോ നടത്തേണ്ടതെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ സി.ബി.ഐ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ ഹൈക്കോടതി സർക്കാരിനോട് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.