അധികാരത്തിലേക്കുള്ള വോട്ടറെന്ന 'വാക്കർ'
text_fieldsപുലി പുല്ലു തിന്നുക, കാക്ക മലർന്ന് പറക്കുക തുടങ്ങിയവ അസംഭവ്യമായ കാര്യങ്ങളാണ്. എന്നാൽ, 'ഗതി കിട്ടാൻ' പുലി പുല്ലും തിന്നുമെന്ന് തോന്നിപ്പിക്കുന്നതാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളുടെ വാക് പയറ്റ്. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ,'സാമ്പിൾ വെടിക്കെട്ടി'ന് തുടക്കം കുറിച്ചിരുന്നുവെങ്കിലും, തീയതി വന്നതോടെ, രാഷ്ട്രീയക്കാരുടെ 'വാക്കാര'വും ഇനി ജനത്തെ 'കുടുക്കു'മെന്നുറപ്പാണ്.
വോട്ടറെ, അധികാരത്തിലേക്കുള്ള 'വാക്കറാക്കാ'ൻ നേതാക്കൾ നടത്തുന്ന വെളിപാടുകളിൽ, അവർ ചെമ്പിനെ തങ്കമാക്കുന്നതു മുതൽ മോരും മുതിരയും തമ്മിൽ ചേർക്കുകവരെ ചെയ്യും. അതുകൊണ്ടാണ്, കമ്യൂണിസ്റ്റുകാരൻ വർഗീയത പറയുന്നതും സ്വാതന്ത്ര്യസമര പാർട്ടിയുടെ നേതാക്കൾ, തന്ത്രി പറഞ്ഞതു കേട്ടില്ലെങ്കിൽ ജയിലിലടക്കുമെന്ന് പ്രഖ്യാപിക്കുന്നതും പുതിയ ഹിന്ദുത്വ എഞ്ചുവടി പ്രകാരം 140െൻറ കേവല ഭൂരിപക്ഷം 40 ആണെന്ന കണക്ക് കേൾക്കേണ്ടിവരുകയും ചെയ്യുന്നത്.
ഏതു തെരഞ്ഞെടുപ്പിനും മുമ്പുള്ള കലാപരിപാടിയാണ് യാത്രകൾ. അത്തരമൊന്നിലാണ് സി.പി.എം സെക്രട്ടറി ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമെന്ന് കണ്ടെത്തിയത്. വാവിട്ട വാക്ക് കൈവിട്ടുവെന്ന് ബോധ്യമായതോടെ, പിറ്റേന്നുതന്നെ, ഭൂരിപക്ഷ വർഗീയതയാണ് ഏറ്റവും അപകടകരമെന്ന് നിലപാട് മാറ്റി. ഇമ്പിച്ചി ബാവയുടെയും പാേലാളിയുടെയും കൂടെ നടന്ന് രാഷ്ട്രീയം പഠിച്ചയാൾക്ക്, കാര്യങ്ങൾ അറിയാതെയാവില്ല. എങ്കിലും തദ്ദേശത്തിൽ ഏശിയെന്ന് തോന്നിയ മുസ്ലിം അപ്രമാദിത്വ ആക്ഷേപം ഒന്നുകൂടി പരീക്ഷിക്കാനാണ് പാണക്കാട് വഴി കയറിയിറങ്ങി, പുതു സിദ്ധാന്തത്തിലെത്തിയത്. ഒരിക്കൽ ചക്ക വീണ് മുയലു ചത്തെന്നു കരുതി, എപ്പോഴും ചക്കയിട്ടാൽ തങ്ങളുടെ തലയിലാവും അത് വീഴുകയെന്ന് വിജയരാഘവന് മനസ്സിലായില്ലെങ്കിലും വിജയന് മനസ്സിലായതോടെ, അത്തരം കണ്ടെത്തലുകൾ നിന്നു.
പണ്ട്, ശബരിമല അമ്പലത്തിന് തീ പിടിച്ചപ്പോൾ, 'ഒരമ്പലം കത്തിയാൽ അത്രയും അന്ധവിശ്വാസം നശിച്ചു'എന്ന് സി.കേശവൻ എന്നൊരു മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനെ, ആരും അനുകൂലിച്ചിരുന്നില്ലെങ്കിലും അങ്ങനെ പറഞ്ഞൊരു കോൺഗ്രസുകാരെൻറ പിന്തുടർച്ചക്കാരാണ് ഇന്നത്തെ കോൺഗ്രസുകാരും. അവരാണ് അതേ ശബരിമലയിലെ തന്ത്രി പറഞ്ഞതനുസരിച്ചില്ലെങ്കിൽ, ജയിലിലടക്കുമെന്നും പറഞ്ഞൊരു ബിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ, രണ്ടാം നവോത്ഥാനത്തിെൻറ 'വിജയ' നായകനോ, വിജയരാഘവനോ 'വൈരുധ്യ'ത്തിെൻറ അർഥശൂന്യത കണ്ടെത്തിയ ഗോവിന്ദൻ മാഷിനോ പോലും ഇതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാൻ തോന്നിയില്ല എന്നതാണ് യഥാർഥ വൈരുധ്യം. രാജാവിനെയും രാജഗുരുവിനെയും അവസാനിപ്പിച്ച, ജനാധിപത്യ രാജ്യത്താണ് ഇൗ 'തന്ത്രി നിയമം' സ്വാതന്ത്ര്യ സമര പാർട്ടിയുടെ നായകർതന്നെ എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്.
കേരളത്തിൽ, മെഡിക്കൽ കോളജുകളിൽ പ്രവേശനപരീക്ഷ വരുന്നത് ഒരു കുട്ടി 0+0+2=428 എന്നൊരു പുതിയ കണക്ക് കൂട്ടിയപ്പോഴാണ്. അതുപോലെ, 140 അംഗ നിയമസഭയിൽ 40 സീറ്റ് കിട്ടിയാൽ തങ്ങൾ ഭരിക്കുമെന്നാണ് ബി.ജെ.പിയുടെ കെ.സുരേന്ദ്രെൻറ കണക്ക്. പെട്രോൾ വില നൂറാവുേമ്പാഴും അത്കൂടലല്ല, എന്ന 'സംഖ്യാ'സിദ്ധാന്തം അവതരിപ്പിച്ച പാർട്ടിയാണല്ലോ അത്. അതിനാൽ, കേവല ഭൂരിപക്ഷം എന്നതൊക്കെ വെറും മായയാണ്. 'മണി'യും 'മസിലും' മാത്രമാണ് പെട്രോൾ വിലപോലെ സത്യം.
അതുപോലെ ഗോവയിൽ തുടങ്ങി, പോണ്ടിച്ചേരിയിൽ എത്തിനിൽക്കുന്ന അധികാരത്തിലെ അ'ധർമ' വഴികൾ എല്ലാവരും കണ്ടിട്ടുമുണ്ട്. തങ്ങൾക്ക് തോന്നുംപോലെ ഭരിക്കുമെന്ന് യു.ഡി.എഫ്, എൽ.ഡി.എഫ് ഭേദമില്ലാതെ തെളിയിച്ചിട്ടുണ്ട്. മൂന്നാം ശക്തിയെന്നുപറയുന്ന ബി.ജെ.പിക്കാർക്ക് ഭൂരിപക്ഷവും ജനാധിപത്യവുമൊക്കെ വെറും ഉള്ളിതൊലിക്കലാണ് എന്നാണ് മതം. 'ഒന്നായനിന്നയിഹ പലതെന്ന് കണ്ടളവിലുണ്ടായൊരു ഇണ്ടലിലാകുന്ന' വോട്ടർ എന്ന 'വാക്കർ'ക്കുണ്ടാകുന്ന ഭ്രമങ്ങളിലാണ് അധികാരക്കസേരയിലേക്കുള്ള ഇവരുടെ വഴികൾ വെളിച്ചം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.