ക്ലാസ്മുറിയിലേക്കൊരു ചുമരകലം; സഞ്ജനക്ക് ഇത്തവണയും സ്കൂൾ തന്നെ വീട്
text_fieldsതിരുവനന്തപുരം: പുത്തനുടുപ്പും പുസ്തക സഞ്ചിയുമില്ലാതെ നാലാം ക്ലാസിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് സഞ്ജന എന്ന ഒമ്പതു വയസ്സുകാരി. കൂട്ടുകാരെല്ലാം ഓട്ടോയിലോ ബസിലോ വരുമ്പോൾ അവൾക്ക് ക്ലാസ് മുറിയിലേക്കുള്ളത് ചുമരകലം. വീടിനെക്കുറിച്ചുള്ള കൂട്ടുകാരുടെ വർണനയെല്ലാം അതിശയോക്തി.
മുറ്റവും പൂന്തോട്ടവുമെല്ലാം കേട്ടറിവ്. അടുക്കളയെന്നാൽ സ്കൂളിലെ കഞ്ഞിപ്പുരക്കപ്പുറം പോകില്ല ഭാവന. വീട്ടിലെ കക്കൂസും കുളിമുറിയും എങ്ങനെയിരിക്കുമെന്നറിയാൻ സഹപാഠികളുടെ വാക്കിന് കാതോർക്കും, ആശ്ചര്യത്തോടെ. വലിയതുറ ഗവ. യു.പി സ്കൂളിൽ നാലാം ക്ലാസിലാണ് സഞ്ജന. ഒന്നാം ക്ലാസ് മുതൽ ഇതേ സ്കൂളിൽ. കടൽക്ഷോഭത്തിൽ വീട് നഷ്ടമായതിനെ തുടർന്ന് രക്ഷാകർത്താക്കൾക്കും സഹോദരനുമൊപ്പം നാലാം വയസ്സിലാണ് ആദ്യമായി ഈ സ്കൂളിന്റെ പടി ചവിട്ടുന്നത്. പക്ഷേ, അന്നവൾ വിദ്യാർഥിയായിരുന്നില്ല.
വീടും ജീവിതവും സമ്പാദ്യവുമെല്ലാം കടലെടുത്ത് പരിഭ്രാന്തിയോടെ ഓടിരക്ഷപ്പെടുന്ന അമ്മയുടെ ഒക്കത്ത് വാവിട്ടുകരയുന്ന കൈക്കുഞ്ഞ്. കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് അന്ന് ദുരിതാശ്വാസ ക്യാമ്പായതാണ് വലിയതുറയിലെ ആ പഴയ ജി.യു.പി സ്കൂൾ. അഭയാർഥികളായെത്തിയ 28 കുടുംബങ്ങളിലൊന്നായിരുന്നു സഞ്നയുടേതും. അവൾക്കൊപ്പം സഹോദരൻ സഞ്ജയും. 11കാരൻ സഞ്ജയ് ഇതേ സ്കൂളിൽ ആറാം ക്ലാസിൽ.
നാല് വയസ്സുമുതൽ അന്തിയുറങ്ങിയ, മണ്ണപ്പം ചുട്ടുകളിച്ച അതേ സ്കൂൾ മുറ്റത്തേക്ക് സഞ്ജന യൂനിഫോമിട്ട് വിദ്യാർഥിയായി പോയ ദിവസം ഇന്നും ഓർക്കുന്നതായി അമ്മ സൂസി പറയുന്നു. കിടപ്പാടം നഷ്ടമായതിന്റേതായിരിക്കാം, സൂസി എന്ന യുവതിയുടെ കൺതിളക്കത്തിലേക്ക് ഇടവച്ചൂടിന്റെ വിയർപ്പുതുള്ളി കലർന്നിരുന്നു. ‘ഏഴുവരെ ഞാനും ഇതേ സ്കൂളിലാണ് പഠിച്ചത്. അന്ന് പഠിച്ച ആറാം ക്ലാസിലാണ് നാലു വർഷമായി ഞാനും മക്കളും അന്തിയുറങ്ങുന്നത്.
വിദ്യാർഥിയായിരുന്നപ്പോൾ ഈ ക്ലാസ് മുറികളിലുയർന്ന കളിചിരിയും കുസൃതികളും ഓർക്കുമ്പോൾ ഉറക്കം നഷ്ടമാകും’- സൂസി പറഞ്ഞു. ഇതേ സ്കൂളിലെ പി.ടി.എ പ്രസിഡന്റാണിപ്പോൾ എസ്. സൂസി. അടുത്തവർഷമെങ്കിലും സഞ്ജനക്ക് സ്വന്തം വീട്ടിൽനിന്ന് സ്കൂളിൽ വരാനാകുമെന്നാണ് അവളെ മിടുമിടുക്കി എന്ന് വിശേഷിപ്പിച്ച പ്രധാനാധ്യാപിക കവിതയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.