സൈന്യമിറങ്ങി; മലപ്പുറത്ത് തകർന്ന റോഡിൽ നടപ്പാലമായി
text_fieldsവണ്ടൂർ: കോരിച്ചൊരിയുന്ന മഴയിൽ അവർ 22 പേർ മഴക്കോട്ടും ധരിച്ച് വെളളത്തിലിറങ്ങി. തൊട്ടടുത്ത പറമ്പിൽ വെട്ടിയിട്ട കൂറ്റൻ തെങ്ങിൻ തടികൾ ചുമലിലേറ്റി മുട്ടോളം വെള്ളത്തിലൂടെ തകർന്ന റോഡിന് സമീപമെത്തിച്ചു. മണിക്കൂറുകൾ കൊണ്ട് നെടുകെ പിളർന്ന റോഡിന് മുകളിൽ താൽക്കാലിക മരപ്പാലം നീണ്ടു കിടന്നു. കനത്ത മഴവെള്ളപ്പാച്ചിലിൽ രണ്ടായി മുറിഞ്ഞ നടുവത്ത് വെള്ളാമ്പുറം റോഡിന് മുകളിലാണ് ബംഗളൂരുവിൽ നിന്നെത്തിയ സൈനികർ നടപ്പാലം നിർമിച്ചത്.
മദ്രാസ് എൻജിനിയർ ഗ്രൂപ്പ് ആൻറ് സെൻററിൽ നിന്ന് ക്യാപ്റ്റൻ കുൽദീപ് സിങ് റാവത്തിെൻറ നേതൃത്വത്തിൽ എത്തിയവരാണ് പാലം നിർമിച്ചത്. തുടക്കത്തിൽ കാഴ്ചക്കാരായി നിന്ന നാട്ടുകാരും അവർക്കൊപ്പം കൂടിയതോടെ നിർമാണത്തിന് ആവേശമേറി. റോഡിൽ നിന്ന് രണ്ട് മീറ്ററോളം താഴ്ചയിൽ കൊണ്ട് വന്നിട്ട തെങ്ങിൻ തടികൾ കയറിട്ട് ഉയർത്താൻ നാട്ടുകാർ ഒപ്പം നിന്നു. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി ബംഗളൂരുവിൽ നിന്ന് വിമാനമാർഗം കരിപ്പൂരിലെത്തിയ സംഘം ഹജ്ജ് ഹൗസിലാണ് തമ്പടിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ പാല നിർമാണം വൈകിട്ട് ഏഴോടെയാണ് അവസാനിച്ചത്.
സൈനികർക്ക് കട്ടൻ ചായയും ഭക്ഷണവുമൊക്കെയായി പാലത്തിന് തൊട്ടടുത്ത വീട്ടുകാരും ഒരു കൈ സഹായിച്ചു. വണ്ടൂർ പോലീസ് ഇൻസ്‌പെക്ടർ വി. ബാബുരാജിെൻറ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. വാഹനങ്ങൾക്ക് സഞ്ചരിക്കാനാവില്ലെങ്കിലും നടക്കാനുള്ള സംവിധാനമായത് സ്‌കൂൾ വിദ്യാർഥികളുൾക്കുൾപ്പെടെ ഏറെ ആശ്വാസകരമാണ്. വണ്ടൂരിൽ നിന്നും നിലമ്പൂരിലേക്കിലുള്ള സമാന്തര പാതയാണിത്.
ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയും, ഉരുൾപൊട്ടലുമുണ്ടായി വ്യാപക നാശനഷ്ടങ്ങളുണ്ടായ വ്യാഴാഴ്ചയാണ് കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ റോഡ് ഒലിച്ചു പോയത്. കുത്തൊഴുക്കിെൻറ ശക്തിയിൽ റോഡ് രണ്ടായി പിളരുന്നതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെയാണ് ഇവിടെ താൽക്കാലിക സൗകര്യമൊരുക്കാൻ പട്ടാളത്തെ നിയോഗിച്ചത്.
ചിത്രങ്ങൾ: മുസ്തഫ അബൂബക്കർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.