സുമനസ്സുകളെ കൈവിടല്ലേ..., മുഹമ്മദിന് ഇനിയും വേണം 4 കോടി
text_fieldsകണ്ണൂർ: ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂർവരോഗം പിടിപ്പെട്ട ഒന്നരവയസ്സുകാരൻ മുഹമ്മദിന് വേണ്ടിയുള്ള സാമ്പത്തിക സഹായ കാമ്പയിന് മികച്ച പ്രതികരണം. ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് 18 കോടി രൂപയാണ് വേണ്ടത്. ഇതുവരെ 14 കോടി രൂപയുടെ സഹായം സുമനസ്സുകളിൽ നിന്ന് ലഭിച്ചു. ഇനി 4 കോടി രൂപ മാത്രം മതിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പതിനായിരം കുട്ടികളിൽ ഒരാൾക്ക് മാത്രം വരുന്ന ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂർവരോഗമാണ് മുഹമ്മദിന്. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തിൽ വീണ്ടുമെത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവൻ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവിട്ടു കഴിഞ്ഞു. രണ്ട് വയസ്സിനുള്ളിൽ മരുന്ന് നൽകിയാൽ മാത്രമേ അസുഖം ഭേദമാവുകയുള്ളൂ. ഏറെനാളത്തെ ചികിത്സക്കു ശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകൾ അഫ്രക്ക് സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.
ചക്രക്കസേരയിൽ അനങ്ങാൻ പോലും പ്രയാസപ്പെടുന്ന അഫ്ര, തന്റെ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാർഥനയിലാണ്. മരുന്ന് നൽകിയാൽ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്. ഗൾഫിൽ എ.സി ടെക്നീഷ്യനായ റഫീഖ് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. മക്കളിൽ രണ്ടുപേർക്കും അപൂർവരോഗം വന്നതിന്റെ വേദനയിലാണ് കുടുംബം. കൈയിലുള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സ നടത്തിയ കുടുംബത്തെ സംബന്ധിച്ച്, മകന്റെ ജീവൻ രക്ഷിക്കാനുള്ള മരുന്നിന്റെ ചെലവിനെക്കുറിച്ച് ആലോചിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്.
മാട്ടൂൽ ഗ്രാമവാസികൾ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഇത്രയുംവലിയ തുക കണ്ടെത്തണമെങ്കിൽ കാരുണ്യമതികളുടെ സഹായംകൂടിയേ തീരൂ. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിനുള്ള ധനശേഖരണത്തിനായി സമൂഹ മാധ്യമങ്ങളിലടക്കം കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. കുഞ്ഞിനെ സഹായിക്കുന്നതിന് കേരള ഗ്രാമീൺ ബാങ്ക് മാട്ടൂൽ ശാഖയിൽ മാതാവ് പി.സി. മറിയുമ്മയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 40421100007872. ഐ.എഫ്.എസ്.സി: KLGB0040421. ബ്രാഞ്ച് കോഡ്: 40421. പേര്: പി.സി. മറിയുമ്മ. ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക് മാട്ടൂൽ ശാഖ. ഗൂഗ്ൾ പേ നമ്പർ: 8921223421.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.