സി.പി.എം പിന്തുണയോടെ വഖഫ് ആക്ഷൻ കൗൺസിൽ; പരമാവധി മുസ്ലിം സംഘടനകളെ പങ്കെടുപ്പിക്കും
text_fieldsകോഴിക്കോട്: വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാർ നിലപാടിനെതിരായി രൂപപ്പെട്ട മുസ്ലിം സംഘടന കൂട്ടായ്മയെ പ്രതിരോധിക്കാൻ സി.പി.എം പിന്തുണയോടെ 'വഖഫ് ആക്ഷൻ കൗൺസിൽ'. പി.ടി.എ റഹീം എം.എൽ.എ ചെയർമാനും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ.പി. അബ്ദുൽ വഹാബ് കൺവീനറുമായാണ് കൂട്ടായ്മ രൂപവത്കരിച്ചത്. ഇതിന്‍റെ ആലോചനയോഗം ചൊവ്വാഴ്ച കോഴിക്കോട്ട് ചേർന്നു.
കോഴിക്കോട് ടൗൺഹാളിൽ അടുത്ത ആഴ്ച വിശദീകരണയോഗം സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പരമാവധി മുസ്ലിം സംഘടനകളെ പങ്കെടുപ്പിക്കും. അന്യാധീനപ്പെടുന്ന വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് സംവാദം ഉയർത്തിക്കൊണ്ടുവരൽ കൂട്ടായ്മയുടെ പ്രധാന കർമപരിപാടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വഖഫ് വിവാദത്തിൽ സർക്കാറിനെതിരായി ഉയരുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി ചെറുക്കുകയാണ് സംഘടനയുടെ ദൗത്യം. മുസ്ലീംലീഗിനെ പ്രതിക്കൂട്ടിലാക്കി വഖഫ് ചർച്ചകൾ ഉയർത്തിക്കൊണ്ടുവരും. ചൊവ്വാഴ്ച കോഴിക്കോട്ട് നടന്ന ആലോചനയോഗത്തിൽ അഡ്വ. സഫറുല്ല, മോയിൻ ബാപ്പു, ഇ. യാക്കൂബ് ഫൈസി, മാമുക്കോയ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.