വഖഫ് ഭേദഗതി: ഫ്രാൻസിസ് ജോർജിന്‍റെ പ്രതികരണം കാര്യങ്ങൾ മനസിലാക്കാതെയെന്ന് ഹാരിസ് ബീരാൻ
text_fieldsന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണക്കുമെന്ന യു.ഡി.എഫ് എം.പിയും കേരള കോൺഗ്രസ് നേതാവുമായ ഫ്രാൻസിസ് ജോർജിന്‍റെ പ്രസ്താവനയിൽ പ്രതികരിച്ച് മുസ് ലിം ലീഗ് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാൻ. കാര്യങ്ങൾ മനസിലാക്കാതെയാണ് ഫ്രാൻസിസ് ജോർജിന്‍റെ പ്രതികരണമെന്ന് ഹാരിസ് ബീരാൻ പറഞ്ഞു.
ഏത് വിധത്തിലാണ് വഖഫ് ഭേദഗതി ഉപകാരപ്രദമാണെന്ന ഫ്രാൻസിസ് ജോർജിന്‍റെ തോന്നൽ മനസിലാകുന്നില്ല. മുനമ്പം വിഷയവുമായി വഖഫ് ഭേദഗതിക്ക് യാതൊരു ബന്ധവുമില്ല. മുനമ്പം ഭൂമി പ്രശ്നവും വഖഫ് ഭേദഗതിയും രണ്ടാണെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വഖഫ് നിയമ ഭേദഗതി തിരക്കിട്ട് പാസാക്കാനാണ് നീക്കമെന്ന് ഹാരിസ് ബീരാൻ പറഞ്ഞു. ജെ.പി.സിയുടെ നടപടിയോട് സഹകരിക്കില്ല. രാഷ്ട്രീയ ഗൂഢലക്ഷ്യം വച്ചാണ് കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി കൊണ്ടുവന്നത്. ധ്രുവീകരണമുണ്ടാക്കാനും അത് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാനുമുള്ള ടൂൾ ആണിതെന്നും ഹാരിസ് ബീരാൻ വ്യക്തമാക്കി.
പാർലമെന്‍റിൽ വഖഫ് നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കിയത്. നീതിക്കും ന്യായത്തിനുംവേണ്ടി ആരോടും സഹകരിക്കാൻ താനും തന്‍റെ പാർട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തയാറാണെന്നും 'ഇന്‍ഡ്യ' സഖ്യത്തിന്റെ ഭാഗമായ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. മുനമ്പം ഭൂസമരത്തിന്റെ 101-ാമത് ദിനത്തിൽ സമരപ്പന്തൽ സന്ദർശിക്കവെയായിരുന്നു ഫ്രാൻസിസ് ജോർജിന്‍റെ പ്രതികരണം.
നിലവിലുള്ള വഖഫ് നിയമത്തിലെ നിർദയമായ വകുപ്പുകളോട് മനഃസാക്ഷിയുള്ള ആർക്കും യോജിക്കാൻ കഴിയില്ല. കേന്ദ്ര സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങി ബിൽ അവതരണത്തിൽ നിന്ന് പിന്നോട്ട് പോകരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.