വഖഫ് നിയമനം: വിവാദം സൃഷ്ടിച്ച് മുതലെടുക്കാനുള്ള സി.പി.എം ഒളിയജണ്ട -പി.കെ. ഉസ്മാന്‍
text_fieldsതിരുവനന്തപുരം: വഖഫ് നിയമനം ആദ്യം പി.എസ്.സിക്കു വിടുകയും പിന്നീട് തിരുത്തുകയും ചെയ്ത സര്‍ക്കാര്‍ നടപടി വിവാദങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള സി.പി.എം ഒളിയജണ്ടയുടെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍.
കേവലം 120ല്‍ താഴെ വരുന്ന നിയമനങ്ങള്‍ പി.എസ്.സിക്കു വിട്ടതുകൊണ്ട് എന്തെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനല്ല. ന്യൂനപക്ഷ സമൂഹത്തെ ഭിന്നിപ്പിച്ച് കഴിയുന്നത്ര വിഭാഗങ്ങളെ തങ്ങളുടെ ആലയിലെത്തിക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നില്‍. ന്യൂനപക്ഷ വിഭാഗങ്ങളെ അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനും വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് വിനിയോഗിക്കേണ്ട വിലപ്പെട്ട സമയം അനാവശ്യ വിവാദങ്ങളിലും സമരങ്ങളിലും ചെലവഴിച്ച് നിര്‍വീര്യമാക്കാനുള്ള സി.പി.എം അജണ്ടയാണിത്.
ആദ്യം മുറിവുണ്ടാക്കുക, പിന്നെ ചികിത്സിച്ച് അനുകമ്പ നേടുക എന്ന ജാലവിദ്യയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നത്. വഖഫ് നിയമനം സംബന്ധിച്ച് ഭേദഗതി ചെയ്ത ഉത്തരവുകള്‍ ഇറങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകമാണ്. അന്തിമ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണം. മുഖ്യമന്ത്രിയുടെ താല്‍പര്യം സത്യസന്ധമാണെങ്കില്‍ സച്ചാര്‍-പാലൊളി കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ്ലിം സമൂഹത്തിനു മാത്രമായി അനുവദിച്ച സ്‌കോളര്‍ഷിപ്പ് 100 ശതമാനവും യഥാര്‍ഥ അവകാശികള്‍ക്കു ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
കൂടാതെ പൗരത്വ നിഷേധത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കണം. രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യം വെച്ചുള്ള സി.പി.എമ്മിന്റെയും ഇടതു സര്‍ക്കാറിന്റെയും ചെപ്പടി വിദ്യകള്‍ പൊതുസമൂഹം തിരിച്ചറിയണമെന്നും പി.കെ. ഉസ്മാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.