വഖഫ് നിയമനം: പി.എസ്.സിക്ക് വിട്ട തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്ത
text_fieldsതിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ഇ.കെ വിഭാഗം സമസ്ത നേതാക്കാൾ. തീരുമാനം റദ്ദാക്കണമെന്ന ആവശ്യത്തിൽ വിശാലമായ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സമസ്ത നേതാക്കൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സമസ്ത നേതാക്കൾ.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പ്രതികരിച്ചു. തീരുമാനം റദ്ദാക്കുമെന്ന് അറിയിച്ചിട്ടില്ലെന്ന് എസ്.വൈ.എസ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. ഭാവി പരിപാടികൾ സമസ്തയുടെ ഉന്നത നേതാക്കൾ ചർച്ച ചെയ്ത് ജനങ്ങളെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകൾ ഒന്നടങ്കം രംഗത്തുവന്നതോടെ തുടർനടപടികൾ ആലോചനക്കുശേഷം മതിയെന്ന നിലപാടിലേക്ക് സർക്കാർ ചുവടുമാറ്റിയിരുന്നു. ബിൽ നിയമസഭ പാസാക്കുകയും ഗവർണർ അംഗീകരിച്ച് വിജ്ഞാപനമിറക്കുകയും ചെയ്തിട്ടുണ്ട്. നവംബർ 14ന് നിയമവകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിലും തുടർനടപടികൾ നിർത്തി. വിജ്ഞാപനമിറങ്ങിയ സാഹചര്യത്തിൽ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ കരട് ചട്ടങ്ങൾ തയാറാക്കി സമർപ്പിക്കാൻ ഭരണവകുപ്പ് വഖഫ് ബോർഡിനോട് ആവശ്യപ്പെടണം. കരട് ചട്ടങ്ങൾ നിയമവകുപ്പിെൻറ ഉൾപ്പെടെ പരിശോധനക്കുശേഷം സർക്കാർ വിജ്ഞാപനം ചെയ്യുകയും പി.എസ്.സിക്ക് അയക്കുകയും വേണം. ഈ നടപടികളാണ് തൽക്കാലം നിർത്തിയത്. ചട്ടങ്ങൾ രൂപവത്കരിച്ച് വിജ്ഞാപനമിറക്കുന്നതുവരെ പി.എസ്.സിക്ക് നിയമനം നടത്താനാകില്ല.
നേരേത്ത, പ്രത്യേക ഓർഡിനൻസ് ഇറക്കിയാണ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. പിന്നീട്, ബില്ലായി കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കുകയും ഗവർണറുടെ അംഗീകാരത്തിന് അയക്കുകയുമായിരുന്നു. ഓർഡിനൻസ് ഘട്ടത്തിൽ തന്നെ മുസ്ലിം സംഘടനകളിൽനിന്ന് പ്രതിഷേധമുയർന്നിരുന്നു. ഓർഡിനൻസ് നിയമമാകുന്ന ഘട്ടമെത്തിയതോടെ പ്രതിഷേധങ്ങൾക്ക് സംഘടിത രൂപം വരികയും സർക്കാറിനെതിരെ പ്രക്ഷോഭ ആഹ്വാനമുണ്ടാകുകയും ചെയ്തു. പള്ളികളിൽ വെള്ളിയാഴ്ച ബോധവത്കരണം പ്രഖ്യാപിച്ചതോടെ, കൂടുതൽ മഹല്ലുകളുടെ നിയന്ത്രണമുള്ള സുന്നി സമസ്ത വിഭാഗത്തെ ചർച്ചക്ക് വിളിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവുമായി സർക്കാർ രംഗത്തുവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.