വഖഫ് നിയമനം: നിയമസഭ സമ്മേളനത്തിൽ പ്രതീക്ഷയർപ്പിച്ച് സമസ്ത
text_fieldsകോഴിക്കോട്: നിയമസഭ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ, വഖഫ് നിയമനം പി.എസ്.സിക്കു വിട്ട സർക്കാർ തീരുമാനം പിൻവലിക്കാൻ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ സമസ്ത. നിയമനം സംബന്ധിച്ച നിയമം നിയമസഭയിൽ പാസാക്കിയതായതിനാൽ സഭയിൽതന്നെ റദ്ദാക്കണം. ഇതുസംബന്ധിച്ച് സമസ്തക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ് ഈ നിയമസഭ സമ്മേളനത്തിലും പാലിക്കുന്നില്ലെങ്കിൽ പ്രവർത്തകരോട് മറുപടി പറയേണ്ടിവരുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് സമസ്ത പോഷകഘടകമായ സുന്നി മഹല്ല് ഫെഡറേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ട നടപടിക്കെതിരെ മുസ്‍ലിം സംഘടനകൾ പ്രതിഷേധം തുടങ്ങിയിട്ട് മാസങ്ങളായി. മുഖ്യമന്ത്രി സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധങ്ങളിൽനിന്ന് സമസ്ത പിന്മാറി.
എന്നാൽ, സർക്കാർ തീരുമാനം റദ്ദാക്കാത്തതിനാൽ മുസ്‍ലിം ലീഗ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോയി. മാസങ്ങൾ പിന്നിട്ടശേഷം കഴിഞ്ഞ റമദാനിൽ മുസ്‍ലിം സംഘടനകളുടെ യോഗത്തിൽ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നീട് ഇതുസംബന്ധിച്ച് ചർച്ചകളൊന്നും ഉണ്ടായില്ല.
മുഖ്യമന്ത്രി സമസ്തക്ക് നൽകിയ രണ്ട് ഉറപ്പുകൾ നിലനിൽക്കെ, വഖഫ് ബോർഡ് സി.ഇ.ഒയുടെ ഡ്രൈവർ കം പേഴ്സനൽ അറ്റൻഡറായി ഇതര സമുദായാംഗത്തെ നിയമിച്ചതും വിവാദമായിരുന്നു. വഖഫ് പ്രശ്നത്തിൽ മുസ്‍ലിം ലീഗ് പ്രക്ഷോഭവുമായി മുന്നോട്ടുപോയെങ്കിലും സാദിഖലി തങ്ങളുടെ ജില്ല പര്യടന പരിപാടി കാരണം തുടർച്ചയുണ്ടായില്ല. അടുത്ത 28ന് കേന്ദ്ര, കേരള സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ലീഗ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ധർണയിലും വഖഫ് പ്രശ്നം വിഷയമാക്കിയിട്ടില്ല. സ്വർണക്കടത്ത്, ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തൽ, ബഫർ സോൺ എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ധർണ. വഖഫ് പ്രശ്നത്തിൽ തുടർ പ്രക്ഷോഭം സംബന്ധിച്ച് അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള അഡ്വ. പി.എം.എ. സലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.