വഖഫ് നിയമം: പ്രതിഷേധം ഇല്ലാതാക്കാൻ യു.പി പൊലീസിനോട് മത്സരിക്കുന്നതിൽനിന്ന് പിണറായി സർക്കാർ പിന്തിരിയണം -പി. മുജീബുറഹ്മാൻ
text_fieldsകോഴിക്കോട്: വിവാദമായ മുസ്‍ലിംവിരുദ്ധ വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധം തടയാനുള്ള കേരള പൊലീസിന്റെ നീക്കങ്ങൾക്കെതിരെ ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ. ഫാഷിസ്റ്റ് സർക്കാർ ജനാധിപത്യമൂല്യങ്ങളെ നിരാകരിക്കുമ്പോൾ അതിനെതിരെയുള്ള പ്രതിഷേധം ഇല്ലാതാക്കാൻ യു.പി പൊലീസിനോട് മത്സരിക്കുന്നതിൽനിന്ന് പിണറായി സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകൾ പിടിച്ചെടുക്കുമെന്ന് ബസുടമകളുടെ സംഘടനകൾക്ക് കൊണ്ടോട്ടി പൊലീസ് സൂപ്രണ്ട് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹത്തിഴെന്റ പ്രതികരണം.
‘രാജ്യത്തെ ഭരണഘടന നൽകുന്ന പൗരാവകാശങ്ങൾക്ക് അർഹതയുള്ളവരാണ് രാജ്യത്തെ എല്ലാ ഓരോ പൗരനും. ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തേയും അവകാശങ്ങളേയും കേന്ദ്രസർക്കാർ നിഷേധിക്കുമ്പോൾ അതിനെതിരെ പ്രതിഷേധമുയർത്തുക എന്നത് ഏതൊരു പൗരന്റെയും പൗരാവകാശ സംഘങ്ങളുടെയും ബാധ്യതയും അവകാശവുമാണ്. ആ അവകാശം എസ്.ഐ.ഒവിനും സോളിഡാരിറ്റിയ്ക്കുമുണ്ട്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സർക്കാർ ജനാധിപത്യമൂല്യങ്ങളെ നിരാകരിക്കുമ്പോൾ പ്രതിഷേധിക്കാനുള്ള അവസരം പോലും നിഷേധിക്കാനെങ്കിൽ കേരളത്തിനെന്തിനാണ് ഒരു ഇടതുപക്ഷ സർക്കാർ. ന്യൂനപക്ഷ വേട്ട തൊഴിലാക്കിയ ഡൽഹി, യു.പി പൊലീസിനോട് മത്സരിക്കാനെങ്കിൽ കേരളത്തിനെന്തിനാണ് ഒരു ഇടത് അഭ്യന്തരം. വൈകിയിട്ടില്ല. ഈ ഫാഷിസ്റ്റ് നടപടിയിൽനിന്നും പിണറായി സർക്കാർ പിന്തിരിയണം. ഇത്തരം ഭരണകൂട തിട്ടൂരങ്ങൾക്ക് വഴങ്ങാൻ ഇന്ത്യയിലെ ഈ മർദിത ന്യൂനപക്ഷത്തിനാവില്ല’ -മുജീബ് റഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു.
മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3 മണി മുതലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുന്നത്. എന്നാൽ, ഉപരോധം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറയുന്നത്. കേരള കോൺട്രാക്ട് കാരേജ് ഒപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ, കേരള ഇൻറർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികൾക്കാണ് പൊലീസ് കത്തയച്ചത്.
‘‘വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സോളിഡാരിറ്റി, എസ്.ഐ.ഒ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ 09.04.2025ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രസ്തുത പ്രതിഷേധം സംഘടിപ്പിക്കുന്നത് പൊലീസിൻറെ നിയമാനുസരണമുള്ള അനുമതി കൂടാതെയാണ്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തിന് തടസ്സങ്ങൾ ഉണ്ടാകാനും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൻറ പ്രവർത്തനത്തിന് തടസ്സം വരുവാനും സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുള്ളതുമാണ്. ആയതിനാൽ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു’ -എന്നാണ് കത്തിലുള്ളത്.
ഇന്ന് വൈകീട്ട് മൂന്നു മണിക്കാണ് എയർപോർട്ട് ഉപരോധം. 10000ത്തോളം പ്രവർത്തകർ കൊളത്തൂർ റോഡ്, മേലങ്ങാടി റോഡ്, കുമ്മിണിപറമ്പ് റോഡ് എന്നീ മൂന്ന് റോഡുകളിലൂടെയും ഒരേ സമയം പ്രകടനമായി വന്നു നുഅമാൻ ജംഗ്ഷനിൽ സംഗമിക്കുകയും അവിടെ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയും ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് എന്നിവർ അറിയിച്ചു. ഉപരോധം ആരംഭിച്ചു കഴിഞ്ഞാൽ അതുവഴിയുള്ള വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വിമാന യാത്ര തീരുമാനിച്ചവർ ഉച്ചക്ക് 2.30ന് മുമ്പ് വിമാനത്താവളത്തിൽ പ്രവേശിക്കാൻ പാകത്തിൽ യാത്ര ക്രമീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ആൾ ഇന്ത്യ മുസ്‍ലിം പേഴ്സനൽ ലോ ബോർഡ് അംഗവും ജമാഅത്തെ ഇസ്‍ലാമി വൈസ് പ്രസിഡന്റുമായ മലിക് മുഅതസിം ഖാൻ, എറണാകുളം ഡി.സി.സി വൈസ് പ്രസിഡന്റ് ഡോ. ജിന്റോ ജോൺ, ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി ഡയരക്ടർ ഫാ. വൈ.ടി. വിനയരാജ്, ആക്ടിവിസ്റ്റ് കെ. അംബുജാക്ഷൻ, സോളിഡാരിറ്റി പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ്.ഐ.ഒ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.