മുനമ്പത്തേത് ഇഷ്ടദാനം കിട്ടിയ ഭൂമി -ഫാറൂഖ് കോളജ്
text_fieldsകൊച്ചി: മുനമ്പത്തെ വിവാദഭൂമിയിൽ വഖഫ് ബോർഡിന് ഒരു അവകാശവുമില്ലെന്നും തങ്ങൾക്ക് ഇഷ്ടദാനം ലഭിച്ചതാണെന്നും ഫാറൂഖ് കോളജ് മാനേജ്മെന്റ്. റിപ്പോർട്ട് നൽകാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷൻ മുമ്പാകെയാണ് കോളജ് നിലപാട് അറിയിച്ചത്. ഇഷ്ടദാനമായി കിട്ടിയ ഭൂമി വിൽക്കാൻ അവകാശമുണ്ടെന്നും അറിയിച്ചു.
വഖഫ് ബോർഡ്, ഫാറൂഖ് കോളജ് മാനേജ്മെന്റ്, റവന്യൂ വകുപ്പ്, മുനമ്പം വിവാദ ഭൂമിയിലെ താമസക്കാരുടെ പ്രതിനിധികൾ എന്നിവർക്ക് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കമീഷൻ നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കോളജ് മുനമ്പം ഭൂമിയിലെ വഖഫ് ബോർഡിന്റെ അവകാശവാദം തള്ളിയത്.
ഭൂമി എങ്ങനെ കൈവശത്തിലായി, പിന്നീട് എപ്പോൾ, എങ്ങനെ മുനമ്പത്തെ താമസക്കാർക്ക് മറിച്ചുവിറ്റു തുടങ്ങിയ വിവരങ്ങളും ഇത് സംബന്ധിച്ച രേഖകളും സമർപ്പിക്കാനാണ് കോളജ് മാനേജ്മെന്റിനോട് കമീഷൻ ആവശ്യപ്പെട്ടിരുന്നത്. മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ നേരത്തേതന്നെ കമീഷനെ നിലപാട് അറിയിച്ചിരുന്നു.
ഭൂമിയിൽ തങ്ങളുടെ അവകാശം തെളിയിക്കുന്ന രേഖകൾ വഖഫ് ബോർഡ് ഉടൻ കമീഷന് സമർപ്പിക്കും. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും മറുപടി ലഭിച്ചശേഷം ജനുവരിയിൽ ആദ്യ ഹിയറിങ് നടത്താനാണ് കമീഷൻ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.