വഖഫ്: സർക്കാർ നിലപാടിൽ വെട്ടിലായത് സമസ്ത
text_fieldsകോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്കു വിടാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ വ്യക്തമാക്കിയതോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വെട്ടിലായി. തീരുമാനം മരവിപ്പിച്ചിരിക്കയാണെന്നും മുസ്‍ലിം സംഘടനകളുമായി വിഷയം ചർച്ചചെയ്യുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതിഷേധ പരിപാടികളിൽനിന്ന് പിന്മാറിയ സമസ്തക്ക് മന്ത്രിയുടെ പ്രഖ്യാപനം ആഘാതമായി. അതേസമയം, മുഖ്യമന്ത്രിയുമായി ചൊവ്വാഴ്ച സംസാരിച്ചിരുന്നുവെന്നും നിയമസഭ സമ്മേളനം കഴിഞ്ഞാൽ മുസ്‍ലിം സംഘടനകളുടെ യോഗം വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും സമസ്ത അധ്യക്ഷൻ ജിഫ് രി മുത്തുക്കോയ തങ്ങൾ 'മാധ്യമ'ത്തോട് പറഞ്ഞു.വഖഫ് വിഷയത്തിൽ സമസ്തയടക്കം മുസ്‍ലിം സംഘടനകളുടെ ഏകോപന സമിതി ഒറ്റക്കെട്ടായി പ്രതിഷേധ പരിപാടികൾ ആവിഷ്കരിച്ച് മുന്നോട്ടു പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതിഷേധത്തിൽനിന്ന് പിൻവാങ്ങുന്നതായി ജിഫ് രി തങ്ങൾ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി മാന്യമായാണ് സംസാരിച്ചതെന്നും അതിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രതിഷേധ പരിപാടികളിൽനിന്ന് പിൻവാങ്ങിയ സമസ്ത അധ്യക്ഷൻ ജിഫ് രി മുത്തുക്കോയ തങ്ങളുടെ നിലപാടിനെതിരെ സംഘടനക്കകത്ത് കടുത്ത വിമർശനമുണ്ടായിരുന്നു. സമസ്ത പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലും ജിഫ് രി തങ്ങളുടെ നിലപാടിനെ ചോദ്യംചെയ്തു.
തനിക്ക് വധഭീഷണിയുണ്ടായെന്ന് ജിഫ് രി തങ്ങൾ തന്നെ വെളിപ്പെടുത്തിയതും വിവാദമായിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്ത വിഷയം സമസ്തയുടെ പോഷക ഘടകങ്ങളായ സുന്നി മഹല്ല് ഫെഡറേഷനിലും എസ്.വൈ.എസിലും കടുത്ത പ്രതിഷേധമുണ്ടാക്കി. എന്നാൽ, ജിഫ് രി തങ്ങളുടെ നിലപാടിന് വിരുദ്ധമായി പരസ്യ പ്രതികരണത്തിന് സംഘടനകൾ മുതിർന്നില്ല. നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാട് നിയമസഭയിൽ മന്ത്രി ആവർത്തിച്ചത് നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും ഇപ്പോൾ കടുത്ത അമർഷമുണ്ടാക്കിയിരിക്കയാണ്.
സർക്കാർ തീരുമാനം മാറ്റിയില്ലെങ്കിൽ സമസ്ത പ്രതിഷേധിക്കുമെന്ന ജിഫ് രി തങ്ങളുടെ നേരത്തെയുണ്ടായ പ്രഖ്യാപനം പ്രാവർത്തികമാക്കണമെന്ന ആവശ്യമാണ് യുവജന നേതാക്കളടക്കം ഉന്നയിക്കുന്നത്. സർക്കാർ സമസ്തയെ വഞ്ചിച്ചെന്നാണ് ഒരു നേതാവ് 'മാധ്യമ'ത്തോട് പ്രതികരിച്ചത്.
പ്രതിഷേധ പരിപാടികളിൽനിന്ന് സമസ്തയുടെ പൊടുന്നനെയുള്ള പിന്മാറ്റം പ്രതിസന്ധിയുണ്ടാക്കിയത് മുസ്‍ലിം ലീഗിനായിരുന്നു. ഇത് മറികടക്കാൻ കോഴിക്കോട് വഖഫ് സംരക്ഷണ റാലി നടത്തി ലീഗ് പ്രതിഷേധം അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഉറപ്പിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. ലീഗിന് ലീഗിന്റെ വഴിക്ക് പ്രതിഷേധിക്കാമെന്നായിരുന്നു ഇതുസംബന്ധിച്ച് ജിഫ് രി തങ്ങളുടെ പ്രതികരണം. നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെ ജിഫ് രി തങ്ങൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ലീഗ് ഉറ്റുനോക്കുന്നത്.
മന്ത്രിയുടെ പ്രസ്താവന സ്വീകാര്യമല്ല -ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹ്മാന് നിയമസഭയില്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തേ നല്കിയ വാഗ്ദാനത്തെ നിഷേധിക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ട്. നേരത്തേ നല്കിയ വാഗ്ദാനം അടിയന്തരമായി നടപ്പാക്കണമെന്നും തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.