വഖഫിനെതിരായ പരാമർശം: സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ഐ.എൻ.എൽ
text_fieldsകോഴിക്കോട്: വഖഫിനെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ സംസ്ഥാന സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ. ഉത്തരവാദപ്പെട്ട ഒരു കേന്ദ്രമന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഒരു ജന വിഭാഗത്തെയാകെ അങ്ങേയറ്റം മ്ലേച്ഛ ഭാഷയിൽ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ ആവശ്യപ്പെട്ടു.
ദൈവപ്രീതി കാംക്ഷിച്ച് സമർപ്പിക്കപ്പെട്ട ദാനധർമങ്ങളെയാണ് സുരേഷ് ഗോപി എന്ന വിവരദോഷി ഈ വിധത്തിൽ അവഹേളിച്ചിരിക്കുന്നത്. എന്താണ് വഖഫ് എന്ന് ഇദ്ദേഹത്തിന് മനസ്സിലായിട്ടില്ലെങ്കിൽ പഠിക്കാനെങ്കിലും ഈ അവസരം ഉപയോഗിക്കലാണ് മാന്യത. ഇതര ജനവിഭാഗങ്ങൾക്കിടയിൽ വർഗീയത പരത്താനും ആശയ കുഴപ്പം ഉണ്ടാക്കാനും ഹിന്ദുത്വ ശക്തികൾ വിഷയങ്ങളെ വികൃതമാക്കി അവതരിപ്പിക്കുന്നതിന്‍റെ തെളിവാണ് വഖഫിനെക്കുറിച്ച് "കിരാതം" എന്ന വിശേഷണം.
വഖഫ് സംബന്ധിച്ച് അമിത് ഷാ തയാറാക്കിയ വിഡിയോ പുറത്തിറക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. അമിത് ഷായല്ല ആർ.എസ്.എസ് തലവൻ വിഡിയോ ഇറക്കിയാലും ആരും ഭയപ്പെടുന്നില്ല. വഖഫ് പോലുള്ള പവിത്രമായ ഒരു സംവിധാനത്തെ തകർക്കാനും സ്വത്തുക്കൾ പിടിച്ചെടുക്കാനുമുള്ള ബി.ജെ.പിയുടെ നീക്കത്തിലുള്ള അമിത ആത്മവിശ്വാസത്തിലാണ് സുരേഷ് ഗോപിയുടെ വിടുവായത്തം.
വഖഫ് ബോർഡ് സംവിധാനത്തെ തന്നെ ഇല്ലാതാക്കുമെന്നാണ് തൃശൂർ എം.പിയുടെ വീരവാദം, തെരഞ്ഞെടുപ്പ് അന്തരീക്ഷം വർഗീയ മയമാക്കാനുള്ള നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷനും സംസ്ഥാന സർക്കാറും നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.