വഖഫ്: നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കണം -സമസ്ത
text_fieldsകോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം സർക്കാർ പിൻവലിക്കുക തന്നെ വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ടൗൺഹാളിൽ നടന്ന സമസ്ത മദ്റസ-മഹല്ല് സാരഥി, മുതവല്ലി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫോണിൽ വിളിച്ചിരുന്നു. വിഷയം കൂടിയിരുന്നു ചർച്ചചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. മാന്യമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാവും. അതിന് സമസ്ത മുന്നിൽ തന്നെയുണ്ടാകും. തുടർപ്രതിഷേധങ്ങൾ മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം മാത്രമായിരിക്കും തീരുമാനിക്കുകയെന്നും തങ്ങൾ വ്യക്തമാക്കി.
എന്നാൽ, വഖഫ് മന്ത്രിയോട് എതിർപ്പുണ്ട്. എങ്ങനെയും നിയമം പാസാക്കുമെന്ന മന്ത്രിയുടെ നിലപാട് ധാർഷ്ട്യമാണ്. എളമരം കരീം എം.പി സമസ്ത ജന. സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെയും വിളിച്ചിരുന്നു.
അതേസമയം, വെള്ളിയാഴ്ച പള്ളികളിൽ പ്രതിഷേധത്തിനില്ല. പ്രതിഷേധം ഉണ്ടാവേണ്ടത് പള്ളികളിൽ നിന്നല്ല. പള്ളികളുടെ പവിത്രതക്ക് യോജിക്കാത്ത ഒന്നും ചെയ്യാൻ പാടില്ല. പള്ളികൾ മലീമസമാക്കുന്ന നടപടികളല്ല വേണ്ടത്. പള്ളികളിൽ പ്രതിഷേധത്തിനില്ലെന്ന തീരുമാനമാണ് മുജാഹിദ്, ജമാഅത്തെ ഇസ്ലാമി നേതാക്കളിൽനിന്ന് ലഭിച്ചത്. പള്ളികളിൽ പ്രതിഷേധങ്ങൾ നടന്നാൽ കുഴപ്പങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഏതെങ്കിലും ഒരാൾ വിചാരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇതിെൻറ ഉത്തരവാദിത്തം സമസ്തക്കാവും -അദ്ദേഹം പറഞ്ഞു.
സമസ്ത ജന. സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ പ്രതിഷേധ പ്രഖ്യാപനം നടത്തി. ഡിസംബർ 10ന് മഹല്ലുകളിൽ ബോധവത്കരണവും ഒപ്പുശേഖരണവും നടത്തും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.
എസ്.െെവ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുെെല്ലലി അധ്യക്ഷത വഹിച്ചു. ഉമർ മുസ്ലിയാർ കൊയ്യോട്, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്്വി, എം.സി. മായിൻഹാജി, കെ.ടി.ഹംസ മുസ്ലിയാർ വയനാട്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.