400 ഏക്കർ വഖഫ് ഭൂമി കൈയേറ്റക്കാർക്ക് പതിച്ചുനൽകാൻ സർക്കാറിന്റെ കാർമികത്വം
text_fieldsകൊച്ചി: കുത്തകകൾ അടക്കമുള്ള കൈയേറ്റക്കാർക്ക് വഖഫ് ഭൂമി പതിച്ചുനൽകാൻ സംസ്ഥാന സർക്കാറിന്റെ കാർമികത്വം. കോഴിക്കോട് ഫാറൂഖ് കോളജിന് അവകാശപ്പെട്ട എറണാകുളം ജില്ലയിലെ വഖഫ് ഭൂമിയാണ് റിസോർട്ട് മാഫിയ ഉൾപ്പെടെ കൈയേറ്റക്കാർക്ക് നിയമവിധേയമാക്കാൻ സർക്കാർതലത്തിൽ ഒത്താശ ചെയ്തിരിക്കുന്നത്.
1950ല്‍ ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസില്‍ മുഹമ്മദ് സാദിഖ് സേട്ട് ഫാറൂഖ് കോളജിന് മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്കായി വഖഫ് ചെയ്ത ചെറായി ബീച്ചിലെ 404.76 ഏക്കറാണ് വിവാദത്തിലാത്. ഭൂമി ഇക്കാലമത്രയും കോളജ് അധികൃതർ ഉപയോഗിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതിരുന്നതിനാൽ അന്യാധീനപ്പെടുകയായിരുന്നു. കുത്തകകളെ കൂടാതെ അറുനൂറോളം കുടുംബങ്ങളും കൈക്കലാക്കിയ ഭൂമി 2008ൽ സർക്കാർ നിയോഗിച്ച വഖഫ് അന്വേഷണ കമീഷനാണ് വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിച്ചത്.
കമീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ഭൂമി കൈയേറിയവർക്ക് നികുതി അടക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ കൈയേറ്റക്കാര്‍ക്ക് നികുതി അടക്കുന്നതിന് അവകാശം നൽകി റവന്യൂ വകുപ്പ് ഉത്തരവിട്ടു. ജൂലൈ 20ന് റവന്യൂ മന്ത്രിയും വഖഫ് മന്ത്രിയും സ്ഥലം എം.എൽ.എയും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കൈവശക്കാര്‍ക്ക് നികുതി അടക്കുന്നതിന് അനുവാദം നല്‍കിയത്. 619 പേർക്കാണ് നികുതി അടക്കാൻ അനുമതി. കൊച്ചി ഭൂരേഖ തഹസിൽദാർ ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കി.
ജസ്റ്റിസ് എം.എ. നിസാറിന്റെ നേതൃത്വത്തിലെ കമീഷനാണ് ഫാറൂഖ് കോളജിന് അവകാശപ്പെട്ട വഖഫ് ഭൂമിയാണിതെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയത്. 2009 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു. ഫാറൂഖ് കോളജ് സെക്രട്ടറിയായിരുന്ന കെ.സി. ഹസ്സന് കുട്ടി നികുതി അടച്ചിരുന്ന ഭൂമി, വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതുമാണ്. പറവൂര്‍ സബ് കോടതിയിലെ 0553/671 നമ്പർ, ഹൈകോടതിയിലെ 600/71 നമ്പര്‍ കേസുകളില്‍ വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്ന് 2019 മേയ് 20ന് ഭൂമി തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിക്കുകയും തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കൈയേറിയവർക്ക് നോട്ടീസും അയച്ചു. എന്നാൽ, നികുതി അടക്കാന്‍ കൈയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് ഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ വഖഫ് ബോർഡിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ക്ലബ് മഹീന്ദ്രയുടേതടക്കം നിരവധി റിസോർട്ടുകൾ ഈ ഭൂമിയിലുണ്ട്. കൈയേറ്റക്കാരിൽ സാധാരണക്കാരും ഉള്ളതിനാൽ അവരെ മുന്നിൽനിർത്തിയാണ് വൻകിടക്കാർ ഭൂമി സ്വന്തമാക്കാൻ ചരടുവലിക്കുന്നത്. ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ വഖഫ് ബോര്‍ഡിലെ ചിലര്‍ കൈയേറ്റക്കാരെ സഹായിക്കുന്നതായും ആരോപണമുണ്ട്. നടപടികൾ വൈകിപ്പിച്ചത് ബോർഡിലെ ഉദ്യോഗസ്ഥരാണെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.