ചെറായിയിലെ വഖഫ് ഭൂമി: പോക്കുവരവും റവന്യൂ രേഖകൾ അനുവദിക്കുന്നതും ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: ചെറായിയിലെ വഖഫ് ഭൂമി കൈയേറ്റക്കാർക്ക് പോക്കുവരവ് ചെയ്ത് നൽകുന്നതും റവന്യൂ രേഖകൾ അനുവദിക്കുന്നതും തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്ഥിരപ്പെടുത്തി.404.76 ഏക്കർ വഖഫ് വസ്തുക്കൾ വഖഫ് നിയമങ്ങൾ ലംഘിച്ച് അന്യാധീനപ്പെടുത്തുകയും നിയമവിരുദ്ധമായി കൈക്കലാക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നൽകിയ അപ്പീൽ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. അവധിക്കാല ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവാണ് സ്ഥിരപ്പെടുത്തിയത്.
404.76 ഏക്കർ വഖഫ് വസ്തുക്കൾ നിയമവിരുദ്ധമായി കൈക്കലാക്കിയവരിൽനിന്ന് നികുതി സ്വീകരിക്കുന്നതിന് കൊച്ചി നികുതി തഹസിൽദാർ 2022 ഒക്ടോബർ ഏഴിന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്‍റ് ടി.എം. അബ്ദുൽ സലാം പട്ടാളം, സെക്രട്ടറി നാസർ മനയിൽ എന്നിവർ നൽകിയ ഹരജിയിൽ ആദ്യം തൽസ്ഥിതി തുടരാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. പിന്നീട് റവന്യൂരേഖകൾ നൽകാനും നികുതി സ്വീകരിക്കാനും തടസ്സമില്ലെന്ന വിധിയുണ്ടായി.
ഇതിനെതിരെയാണ് ഹരജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. 1950ൽ ഇടപ്പള്ളി രജിസ്ട്രാർ ഓഫിസിൽ വഖഫ് ആധാരപ്രകാരം രജിസ്റ്റർ ചെയ്ത സ്വത്ത് അതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി നിയമവിരുദ്ധമായി കൈമാറ്റം ചെയ്തെന്നാണ് ഹരജിയിലെ ആരോപണം. വഖഫ് ഭൂമി തിരിച്ചുപിടിക്കാൻ കോടതി ഉത്തരവുമുണ്ടായിരുന്നു. വഖഫ് ഭൂമി ഒരിക്കലും കൈമാറ്റം ചെയ്യാനാവില്ലെന്നും അപ്പീൽ ഹരജിയിലും ചൂണ്ടിക്കാട്ടി.തുടർന്നാണ് രേഖകൾ കൈമാറുന്നത് തടഞ്ഞ് ഡിവിഷൻ ബെഞ്ച് ഉത്തരവുണ്ടായത്. അപ്പീൽ ഹരജി കോടതി തീർപ്പാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.