വഖഫ് നിയമഭേദഗതിയെ എതിർത്തില്ലെന്ന്: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്
text_fieldsതിരുവനന്തപുരം: വഖഫ് നിയമന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്ന് മുസ്ലിം ലീഗ് എം.എൽ.എ എൻ. ഷംസുദ്ദീൻ. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ നിയമഭേദഗതിയെ നിയമസഭയിൽ ആരും എതിർത്തില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം ചൂണ്ടിക്കാട്ടിയാണ് അവകാശലംഘനത്തിന് നോട്ടീസ് നൽകുക.
വഖഫ് നിയമഭേദഗതിയിൽ സഭയിൽ ചർച്ച നടക്കവെ കോൺഗ്രസ്, ലീഗ് എം.എൽ.എമാർ എതിർപ്പ് ഉന്നയിച്ചിരുന്നു. ഇതു മറച്ചുവെച്ച് കൊണ്ടാണ് മുഖ്യമന്ത്രി തെറ്റായ പ്രസ്താവന നടത്തുന്നത്. മുഖ്യമന്ത്രി കള്ളം ആവർത്തിക്കുകയാണെന്നും എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.
വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനുള്ള ബിൽ നേരത്തേ നിയമസഭയിൽ പാസാക്കുകയും ഗവർണർ ഒപ്പിട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നടപടിക്കെതിരെ മുസ്ലിം സംഘടനകൾ ഒന്നടങ്കം രംഗത്തുവരികയും മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങുകയും ചെയ്തിരുന്നു.
പിന്നാലെ, സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതാക്കളെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മുസ്ലിം സംഘടനകളുമായി ചർച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ, ചർച്ച നീണ്ടുപോകുകയായിരുന്നു.
നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ വഖഫ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കിയതോടെ സംഘടനകൾ വീണ്ടും പ്രതിഷേധമുയർത്തി. പിന്നാലെയാണ് ഏപ്രിൽ 20ന് ചർച്ച നടത്താൻ തീരുമാനിച്ചത്.
ബുധനാഴ്ച നടന്ന യോഗത്തിൽ മുസ്ലിം സംഘടനകൾ ഒന്നിച്ച് എതിർത്തിരുന്നു. സംഘടനകളുടെ അഭിപ്രായം മാനിക്കുന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി ചർച്ച ചെയ്ത് ഉചിത തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതീക്ഷയുണ്ടെന്നും തുടർനടപടിക്കായി കാത്തിരിക്കുമെന്നുമാണ് വിവിധ സംഘടന പ്രതിനിധികൾ യോഗത്തിനു ശേഷം പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.