അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കും –മന്ത്രി കെ.ടി. ജലീല്‍
text_fieldsകോഴിക്കോട്: നഷ്ടപ്പെട്ട മുഴുവന്‍ വഖഫ് സ്വത്തുക്കളും തിരിച്ചുപിടിച്ച് വഖഫ് ബോര്‍ഡിന് കീഴില്‍ കൊണ്ടുവരുമെന്നും അവയിെല വരുമാനം ന്യൂനപക്ഷ ഉന്നമനത്തിന് പ്രയോജനപ്പെടുത്തുമെന്നും വഖഫ് മന്ത്രി കെ.ടി. ജലീല്‍. വഖഫ് സ്വത്തുക്കള്‍ തിട്ടപ്പെടുത്താൻ ഐ.എ.എസ് ഓഫിസറുടെ നേതൃത്വത്തില്‍ തുടരുന്ന സര്‍വേ 75 ശതമാനം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
‘തട്ടിയെടുക്കപ്പെട്ട വഖഫ് സ്വത്തുക്കള്‍ എങ്ങനെ വീണ്ടെടുക്കാം’ വിഷയത്തില്‍ ഐ.എൻ.എല്‍ സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്ന കാമ്പയിെൻറ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വലിയ പട്ടണങ്ങളിലെ കണ്ണായ സ്ഥലത്തുള്ള കോടികളുടെ വഖഫുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കാനുള്ള തീവ്രയത്നത്തിലാണ്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത് വ്യക്തികളോടോ കക്ഷികളോടോ വിധേയത്വം കാണിക്കേണ്ടിവരുന്ന ഉദ്യോഗസ്ഥരെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.
2006ല്‍ 30 അംഗ സംയുക്ത പാര്‍ലമെൻററി സമിതി 70 -80 ശതമാനം വഖഫ് സ്വത്തുക്കളും അന്യാധീനപ്പെട്ടതായാണ് കെണ്ടത്തിയതെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് ടി.കെ. ഹംസ ചൂണ്ടിക്കാട്ടി. പി.ടി.എ. റഹീം എം.എൽ.എ, ഐ.എന്‍.എല്‍ അഖിലേന്ത്യ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവില്‍, എല്‍.ഡി.എഫ് കാസര്‍കോട് ജില്ല കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രൻ, എന്‍.സി.പി സംസ്ഥാന ട്രഷറര്‍ അഡ്വ. ബാബു കാര്ത്തികേയൻ, ഐ.എന്‍.എല്‍ ദേശീയ സമിതി അംഗം അഡ്വ. മനോജ് സി. നായർ, കണ്ണൂര്‍ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. വി.പി.പി മുസ്തഫ, വഖഫ് ബോര്‍ഡ് അംഗം റസിയ ഇബ്രാഹീം, അഡ്വ. ശുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആമുഖഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.