വഖഫ് സ്വത്ത് തിരിച്ചു പിടിക്കുമെന്ന് ടി.കെ. ഹംസ; പിന്തുണയറിയിച്ച് സമസ്ത നേതാവ്
text_fieldsകോഴിക്കോട്: അന്യാധീനപ്പെട്ട വഖഫ് സ്വത്ത് തിരിച്ചു പിടിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ. വഖഫ് ആക്ഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ ബഹുജന കൺവെൻഷനിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇടത് അനുകൂല വഖഫ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ബഹുജന കൺവെൻഷനിൽ പിന്തുണയറിയിച്ച് സമസ്ത മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷൻ ട്രഷററുമായ ഉമർ ഫൈസി മുക്കവും സംബന്ധിച്ചു.
വഖഫ് സംരക്ഷണത്തിന്റെ പേരിൽ കടപ്പുറത്ത് മഹാ സമ്മേളനം വരെ നടന്നതിൽനിന്ന് സർക്കാർ നടപടികളിൽ ചിലർക്ക് എന്തോ കുഴപ്പമുണ്ടാവുമെന്ന് മനസ്സിലാക്കണമെന്ന് ടി.കെ. ഹംസ പറഞ്ഞു. ജീവനക്കാരെയും മറ്റും ശുദ്ധീകരിച്ച് ശക്തമായ നടപടിയുമായി മുന്നോട്ടു പോവും. വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കൽ ചെറിയ കാര്യമല്ല, സമുദായത്തിൽ ഭൂരിപക്ഷവും പിന്തുണ നൽകുന്നത് ആശ്വാസമാണ്. 650 വഖഫ് കേസുകൾ ഇപ്പോൾ ബോർഡിന് മുന്നിലുമുണ്ട്. 2005ലെ വരെ കേസുണ്ട്. ജനങ്ങളുടെ പിന്തുണയും സഹകരണവുമുപയോഗിച്ച് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയുള്ള നടപടികളാണ് വേണ്ടത്. പോരായ്മകൾ തിരുത്തണം എന്നുതന്നെയാണ് അഭിപ്രായം. എന്നാൽ, പ്രതിപക്ഷ രീതി ശരിയല്ല.
വലിയ അധ്വാനവും വേണ്ടതാണ് വീണ്ടെടുക്കൽ. മുഖ്യമന്ത്രിയുടെ അംഗീകാരവും വഖഫ് മന്ത്രിയുടെ പ്രവർത്തനവുമുണ്ടാവുമ്പോൾ ചെയർമാന് പേടിക്കേണ്ട കാര്യമില്ല. കോടാനുകോടിയുടെ സ്വത്തുകളാണ് അന്യാധീനപ്പെട്ടത്. ഖുർആനും നബിവചനവും അംഗീകരിക്കാതെയുള്ള സമുദായത്തിലെ ഇത്തരം പ്രവൃത്തികൊണ്ടാണ് കോവിഡ് പിടികൂടിയതെന്നും ടി.കെ. ഹംസ പറഞ്ഞു.
അന്യാധീനപ്പെട്ട വഖഫ് സ്വത്ത് തിരിച്ച് പിടിക്കാൻ ബോർഡും മന്ത്രിയും മുന്നിട്ടിറങ്ങിയാൽ സമുദായത്തിന്റെ മുഴുവൻ പിന്തുണയും രാഷ്ട്രീയം നോക്കാതെ ഉണ്ടാവുമെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. വഖഫ് സ്വത്തുക്കൾ തിരിച്ചെടുക്കാൻ നടപടിയുണ്ടാവുമെന്ന മന്ത്രിയുടെയും മറ്റും പ്രസ്താവനയിൽ സന്തോഷമുണ്ട്. അതിനാലാണ് പങ്കെടുക്കുന്നത്.
രാഷ്ട്രീയക്കാർ അവരുടെ വഴിക്ക് പോകട്ടെ. സമുദായമനുഭവിക്കേണ്ടത് ചിലരുടെ പോക്കറ്റിലാവുന്നത് മാറണമെന്ന ഉദ്ദേശ്യത്തോടെ പോവുന്ന ആക്ഷൻ കൗൺസിലിനും വഖഫ് ബോർഡിനും എല്ലാ നിലക്കും സമുദായ പിന്തുണയുണ്ടാവും. ബോർഡ് ശക്തവും സുതാര്യവുമാവണം.
എല്ലാറ്റിലും രാഷ്ട്രീയം കാണുന്നത് മാറ്റി നമുക്ക് വഖഫിന്റെ ഉദ്ദേശ്യത്തിനായുള്ള ബോർഡ് ഉണ്ടാവണം. ഓരോ കാലത്തുമുള്ള രാഷ്ട്രീയക്കാർക്ക് അനുസരിച്ചുള്ള ബോർഡാവാതെ വന്നാൽ മാറ്റമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിലായിരുന്നു പ്രസംഗം. മുസ്ലിം ലീഗ് ആഭിമുഖ്യത്തിൽ കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ടൗൺഹാളിൽ നടത്താൻ തീരുമാനിച്ച കൺവെൻഷൻ കോവിഡ് നിയന്ത്രണങ്ങൾ കാരണം കെ.പി. കേശവമേനോൻ ഹാളിലേക്ക് മാറ്റുകയായിരുന്നു. വഖഫ് മന്ത്രിയായിരുന്നു ഉദ്ഘാടകനെങ്കിലും അദ്ദേഹത്തിന് എത്താനായില്ല. റഹ്മത്തുല്ല സഖാഫി എളമരം, അഡ്വ. പി.എം. സഫറുല്ല, റസിയ ഇബ്രാഹിം, പ്രഫ. എ.പി. അബ്ദുൽ വഹാബ്, എൻ.കെ. അബ്ദുൽ അസീസ്, വായോളി മുഹമ്മദ്, മോയിൻ ബാപ്പു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.