വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രൂപവത്കരണ നീക്കം അട്ടിമറിക്കുന്നു -എം.കെ. മുനീർ
text_fieldsതിരുവനന്തപുരം: വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് രൂപവത്കരിക്കൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരോ അത് സമ്മതിക്കുന്നില്ലെന്ന് ഡോ.എം.കെ. മുനീർ ആരോപിച്ചു. റിക്രൂട്ട്മെന്റ് ബോർഡ് രൂപവത്കരിക്കുന്നത് സംബന്ധിച്ച അജണ്ട കഴിഞ്ഞദിവസം സർക്കാറിൽനിന്ന് വഖഫ്ബോർഡിലേക്ക് ആരോ അയച്ചിരുന്നു.
എന്നാൽ, അതിപ്പോൾ കാണാനില്ല. ഏത് 'മിന്നൽ മുരളി'യാണ് അത് ചെയ്തതെന്ന് മന്ത്രി കണ്ടുപിടിക്കണം. മന്ത്രിക്കുപോലും അതിനെക്കുറിച്ച് ധാരണയില്ലെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. നിയമസഭയിൽ ബജറ്റിലേക്കുള്ള അന്തിമധനാഭ്യർഥനകളുടെയും അധികധനാഭ്യർഥനകളുടെയും ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പണ്ട് അന്നം തരുന്ന ദൈവം ലെനിനാണെന്ന് കമ്യൂണിസ്റ്റുകാർ കുട്ടികളെ തെറ്റിദ്ധരിപ്പിച്ചിരുന്നെങ്കിൽ ഇന്ന് അന്നം തരുന്ന ദൈവം പിണറായി വിജയനാണെന്ന് എം.എൽ.എമാരുൾപ്പെടെ തെറ്റിദ്ധരിച്ചിരിക്കുന്നു. ജനപിന്തുണ കിട്ടി എന്നതിന്റെ പേരിലാണ് ഭരണപക്ഷം തോന്നിയതെല്ലാം ചെയ്യുന്നത്. കോൺഗ്രസും സി.പി.എമ്മുമായി വോട്ടിങ് ശതമാനത്തിൽ 0.2 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണുള്ളതെന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും മുനീർ പറഞ്ഞു.
കെ-റെയിൽ നടപ്പാകാൻ പോകുന്നെന്ന് ബോധ്യമുള്ളതിനാലാണ് പ്രതിപക്ഷം എതിർക്കുന്നതെന്ന് മാത്യു ടി. തോമസ് പറഞ്ഞു. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ നൽകുന്ന പുതിയ പദ്ധതികൾ ബജറ്റിലില്ലെന്ന് പി. ഉബൈദുല്ല കുറ്റപ്പെടുത്തി. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന്റെ കണക്കും യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. വിശ്വശാന്തിക്കായി രണ്ടു കോടി മാറ്റിവെച്ചിരിക്കുകയാണ്. അത് വിശ്വത്തിൽ നിന്നുള്ള പലരെയും എത്തിക്കാനുള്ള വണ്ടിക്കൂലിക്ക് തികയുമോയെന്നും അദ്ദേഹം പരിഹസിച്ചു.
സി.കെ. ഹരീന്ദ്രൻ, സി.കെ. ആശ, അൻവർ സാദത്ത്, സെബാസ്റ്റ്യൻ കളത്തുങ്കൽ, പി.പി. സുമോദ്, മോൻസ് ജോസഫ്, ടി.ഐ. മധുസൂദനൻ, ടി.ജെ. വിനോദ്, ലിന്റോ ജോസഫ്, ആന്റണി ജോൺ, വി. ശശി, എം. രാജഗോപാൽ എന്നിവരും സംസാരിച്ചു. തുടർന്ന്, ബജറ്റിലേക്കുള്ള അന്തിമധനാഭ്യർഥനകളും അധികധനാഭ്യർഥനകളും ശബ്ദവോട്ടോടെ നിയമസഭ പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.