യുദ്ധം തോട്ടം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു
text_fieldsമേപ്പാടി: റഷ്യ-യുക്രെയ്ൻ യുദ്ധം നീണ്ടാൽ ഇന്ത്യയിലെ തേയില വ്യവസായവും പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സൂചന. യുദ്ധം ഇപ്പോൾത്തന്നെ വ്യവസായത്തെ ബാധിച്ചു കഴിഞ്ഞു. കൊച്ചിയിലെ ലേലവും കയറ്റുമതിയും കുത്തഴിഞ്ഞ നിലയിലായതോടെ തേയില കയറ്റുമതിയും വൻതോതിൽ കുറഞ്ഞു.
തേയില വ്യാപാരത്തിൽ ഇന്ത്യയുടെ പ്രധാന വിപണിയാണ് റഷ്യയും പഴയ സോവിയറ്റ് യൂനിയൻ അംഗ രാജ്യങ്ങളായിരുന്ന യുക്രെയ്ൻ, കസാഖ്സ്താൻ, ജോർജിയ മുതലായ രാജ്യങ്ങൾ. ഒരു ലക്ഷം ടൺ തേയിലയാണ് ഓരോ മാസവും ഈ രാജ്യങ്ങൾ ഇവിടെനിന്ന് ഇറക്കുമതി ചെയ്തിരുന്നത്. റഷ്യയും കോമൺവെൽത്ത് സ്വതന്ത്ര രാജ്യങ്ങളും ചേർന്ന് 40 മില്യൺ കി.ഗ്രാം തേയിലയാണ് ഒരു വർഷം ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. അതിൽ 20 മില്യൺ കി.ഗ്രാമും തെക്കേ ഇന്ത്യയിൽനിന്നാണ്. പ്രധാനമായും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്നത്. കരിങ്കടൽ യുദ്ധമേഖലയായതും നാറ്റോ ഉപരോധവും ഈ രാജ്യങ്ങളിലേക്കുള്ള കപ്പൽ ചരക്ക് നീക്കം അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. തേയിലയുടെ കാര്യത്തിൽ രാജ്യത്തിന്റെ ഏറ്റവും വലിയ വിപണിയാണ് യുദ്ധം മൂലം നഷ്ടമായത്.
ഇതു തോട്ടം മേഖലയിലെ തൊഴിൽ നഷ്ടത്തിനിടയാക്കുമെന്നാണ് സൂചന. ഉൽപന്നം കെട്ടിക്കിടക്കുന്നതു ചൂണ്ടിക്കാട്ടി ഉൽപാദനം കുറക്കുക എന്ന തീരുമാനത്തിലേക്ക് തോട്ടം ഉടമകൾ നീങ്ങാനുള്ള സാധ്യത നിലനിൽക്കുന്നു. ഉൽപാദനം കുറക്കുക എന്നതിലേക്കാവും തോട്ടമുടമകൾ എത്തിച്ചേരുക. അതു തൊഴിൽ ദിനങ്ങൾ വെട്ടിക്കുറക്കാനിടയാക്കും. തൊഴിലാളികൾക്ക് ജോലി നഷ്ടമുണ്ടാകാനിടയാക്കും. തോട്ടങ്ങൾ അടച്ചിടാൻപോലും ഉടമകൾ തയാറായേക്കും. രാജ്യത്തിന്റെ മൊത്തം തേയില ഉൽപാദനത്തിന്റെ 18 ശതമാനവും ഇറക്കുമതി ചെയ്തിരുന്ന റഷ്യക്ക് ഇന്നതിന് കഴിയാത്ത സ്ഥിതിയുണ്ടായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.