'യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് കുട്ടികളെ' - കൈലാഷ് സത്യാർഥി
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസമെന്ന താക്കോൽ കൊണ്ടേ മനുഷ്യാവകാശത്തിലേക്കുള്ള വാതിൽ തുറക്കാൻ സാധിക്കുകയുള്ളൂ എന്ന് നൊബേൽ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ കൈലാഷ് സത്യാർഥി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ശാക്തീകരണവും സന്തുലീകരണവുമൊക്കെ വിദ്യാഭ്യാസത്തിലൂടെയേ സാധ്യമാകൂ. കേരളം ഈ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാണെന്നും സത്യാർത്ഥി പറഞ്ഞു.
സാങ്കേതികവിദ്യ, സാമ്പത്തിക സുസ്ഥിരത, വിതരണ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം മികച്ച രീതിയിൽ ലഭ്യമായ ആധുനിക ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എന്നാൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ അസമത്വം നിലനിൽക്കുന്ന കാലഘട്ടം കൂടിയാണിതെന്ന് സത്യാർഥി അഭിപ്രായപ്പെട്ടു. പലയിടത്തും അപകടകരമായ സാഹചര്യങ്ങളിൽ പോലും കുട്ടികളെ തൊഴിലിനായി ഉപയോഗിക്കുന്നു.
ഉത്തരവാദിത്ത ബോധത്തിന്റെയും ധാർമികതയുടെയും അഭാവമാണ് ഇതിനു കാരണം. സഹാനുഭൂതിയുടെ പ്രാധാന്യം എടുത്തു പറഞ്ഞ സത്യാർത്ഥി യുക്രൈൻ - റഷ്യ യുദ്ധം, ഇസ്രായേൽ - ഹമാസ് സംഘർഷം എന്നിവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പരാമർശിച്ചു. ലോകത്ത് നടക്കുന്ന യുദ്ധങ്ങൾക്കൊന്നും ഉത്തരവാദികൾ കുഞ്ഞുങ്ങളല്ല, എന്നാൽ യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നതും കുട്ടികളെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നവോഥാന മുന്നേറ്റങ്ങളിലും സ്വാതന്ത്ര്യ സമരങ്ങളിലും സാഹിത്യം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് കൈലാഷ് സത്യാർഥി പറഞ്ഞു. രവീന്ദ്രനാഥ ടാഗോർ, ബങ്കിം ചന്ദ്ര ചാറ്റർജി തുടങ്ങിയവർ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ്. വൈക്കം മുഹമ്മദ് ബഷീർ, ഒ.എൻ.വി കുറുപ്പ്, സുഗതകുമാരി എന്നിവരുടെ പേര് എടുത്തു പറഞ്ഞ അദ്ദേഹം സാമൂഹിക നവീകരണത്തിനായുള്ള പോരാട്ടത്തിൽ മലയാള സാഹിത്യവും അതിന്റെതായ സ്ഥാനം വഹിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചു.
തുടർന്ന് കൈലാഷ് സത്യാർഥി രചിച്ച ' വൈ ഡിഡിന്റ് യു കം സൂണർ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട സംഭാഷണം നടന്നു. സുനീത ബാലകൃഷ്ണൻ മോഡറേറ്ററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.