യുദ്ധത്തിൽ മരിച്ചെന്ന പ്രചാരണം; സുബേദാർ എ.പി. ജോസഫ് ഇന്നും പോരാട്ടക്കരുത്തിലാണ്
text_fieldsപള്ളുരുത്തി: 1970ലെ ബംഗ്ലാദേശ് യുദ്ധത്തിൽ മരിച്ചെന്ന വാർത്ത നാട്ടിൽ പരന്നത് ഓർക്കുമ്പോഴും സുബേദാർ എ.പി. ജോസഫിന്‍റെ മനസിലെ കരുത്തിന് ഒരു കുറവുമില്ല. 52 കൊല്ലം മുമ്പ് യുദ്ധവേളയിൽ വീട്ടിലേക്ക് കത്തുകൾ അയക്കാൻ കഴിയാത്തതിനെ തുടർന്നാണ് നാട്ടിൽ മരണവാർത്ത പരന്നത്. എന്നാൽ, രണ്ടുവർഷം കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ ഇതേ നാട്ടുകാർ വിപുലമായ സ്വീകരണ ചടങ്ങ് ഒരുക്കിയാണ് ജോസഫിനെ സ്വീകരിച്ചത്.
1962ലെ ചൈന യുദ്ധം, 1965ൽ പാകിസ്താൻ യുദ്ധം, 1970ൽ ബംഗ്ലാദേശ് യുദ്ധം എന്നീ മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള ജോസഫിന് മികച്ച സേവനത്തിന് ഒമ്പത് മെഡലും കിട്ടിയിട്ടുണ്ട്. യുദ്ധത്തിൽ കൂടെ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി ക്യാപ്റ്റൻ കരുണാകരൻ പരിക്കേറ്റ് വഴിയിൽ കിടക്കുകയായിരുന്ന പട്ടാളക്കാരന് കുടിക്കാൻ വെള്ളം കൊടുക്കവെ പാകിസ്താെൻറ ഷെല്ലാക്രമണത്തിൽ മരിച്ച സംഭവം ഇന്നും കൺമുന്നിൽനിന്നും മായുന്നില്ലെന്ന് ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു.
20ാമത്തെ വയസ്സിലാണ് ജോസഫ് പട്ടാളത്തിൽ ചേരുന്നത്. വയർലസ് ഓപറേറ്ററായി. തുടർന്ന് ജൂനിയർ കമീഷണർ ഓഫിസറായി ഏറ്റവുമൊടുവിൽ ഹോണററി സുബേദാറായി. 33 വർഷം സൈന്യത്തിൽ സേവനം അനുഷ്ഠിച്ചു. വിരമിച്ച ശേഷം രണ്ടുവർഷം കൊച്ചി എയർപോർട്ടിൽ സെക്യൂരിറ്റി ഓഫിസറായി സേവനം അനുഷ്ഠിച്ചു.75ാം സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി മുണ്ടംവേലി സെന്‍റ് ലൂയീസ് സ്കൂളിലെ വിദ്യാർഥികൾ അദ്ദേഹത്തെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.