ഏറ്റവും വലിയ തെറിവാക്കാണ് യുദ്ധം
text_fieldsയുദ്ധങ്ങൾ ആർക്കു വേണ്ടിയാണ്? രാജ്യാതിർത്തികളുടെ അർഥം എന്താണ്? ആരോ വരച്ച ഒരു വരയുടെ അപ്പുറത്തും ഇപ്പുറത്തും ആയിപ്പോയ മനുഷ്യരെ ശത്രുക്കളാക്കുന്നത് ആരാണ്? യുദ്ധം പോലെ ഇത്രമേൽ അശ്ലീലവും അപഹാസ്യവുമായ മറ്റൊന്ന് ഉണ്ടോ? എല്ലാ ഭാഷയിലേയും ഏറ്റവും വലിയ തെറി വാക്കാകുന്നു 'യുദ്ധം'.
ജനങ്ങൾക്കുവേണ്ടി ഇന്നേവരെ ഒരു യുദ്ധവും നടന്നിട്ടില്ല. അധികാരികളുടെ ദുരൂഹങ്ങളും വ്യാകുലമാം വിധം സങ്കുചിതങ്ങളുമായ ഏതൊക്കെയോ കുടില താൽപര്യങ്ങളാണ് നാട്ടുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ മുതൽ ലോകയുദ്ധങ്ങൾക്കുവരെയുള്ള യഥാർഥ കാരണം. നിത്യനിദാനങ്ങൾക്കു വേണ്ടി പെടാപ്പാടുപ്പെടുന്ന സാധാരണ മനുഷ്യർക്ക് ഇതിലൊരു കാര്യവുമില്ല. എന്നാൽ, അധികാരികൾ തമ്മിലുള്ള യുദ്ധങ്ങളിൽ ഇരയാക്കപ്പെടുന്നത് ഏറ്റവും സാധാരണക്കാരാണ്. അറിയാത്ത എന്തൊക്കെയോ വലിയ കാര്യങ്ങൾക്കു വേണ്ടിയാണ് യുദ്ധങ്ങൾ നടക്കുന്നത്.
നിങ്ങൾ കണ്ട രാജ്യങ്ങളിൽ ഏറ്റവും സുന്ദരമായ രാജ്യം ഏതായിരുന്നു എന്ന് യാത്രികനായ സന്തോഷ് കുളങ്ങരയോടുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി മനോഹരമായിരുന്നു. സന്തോഷ് എന്ന തികച്ചും അപരിചിതനും, അന്യനുമായ ഒരാളെ അസർബൈജാനിലെ ഏതോ കുഗ്രാമത്തിലെ ഒരു അമ്മ പരിചരിച്ച വിധം അദ്ദേഹം വിവരിച്ചിട്ടുണ്ട്. ഭൂപ്രകൃതിയോ കാലാവസ്ഥയോ സാമ്പത്തികാവസ്ഥയോ ഒന്നുമല്ല സ്നേഹമാണ് ഒരു നാടിനെ സുന്ദരമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഈ ഭൂമിയിൽ സത്യത്തിൽ രാജ്യങ്ങളില്ല, രാഷ്ട്രങ്ങളില്ല. മനുഷ്യരായ നമ്മൾ ഇവിടെ ജീവിക്കുന്നു. അതിർത്തികൾ രാഷ്ട്രീയ മേധാവികളുടെ പ്രശ്നം മാത്രമാണ്. നമ്മൾ വ്യത്യസ്ത രാജ്യങ്ങളായിരിക്കണം എന്നതും തൊട്ടടുത്തുള്ളവർ ശത്രുക്കളായിരിക്കണം എന്നതും ശാസ്ത്രം സൈബർ വിപ്ലവത്തോടെ അതിരുകൾ മായ്ച്ച ഈ ഭൂമിയിൽ എന്തൊരസംബന്ധമാണ്. മണ്ടന്മാരായ അധികാരികളാണ് ഭൂമിയെ ഭരിക്കുന്നത്. ഗുണ്ടകൾ നഗരത്തെരുവുകളെ ഭരിക്കുന്നതുപോലെ.
യുദ്ധം ഭരണാധികാരികളുടെ മാത്രം കാര്യമാണ്. ദേശസ്നേഹം പോലുള്ള കാര്യങ്ങൾപോലും അവരുടെ പ്രോപ്പർട്ടി പരിരക്ഷിക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള സൂത്രങ്ങളാണ്. ലോകം ഒന്നാണ്. അതിരുകൾ മിഥ്യയാണ്. യുദ്ധം മനുഷ്യരുടെ ആവശ്യമല്ല. അധികാരികളായ മൃഗങ്ങളുടെ ഉള്ളിലെ പിശാചിന്റെ ആവശ്യമാണ്.
ഈ നൂറ്റാണ്ടിലും യുദ്ധങ്ങൾ ഉണ്ടാവുന്നു എന്നത് മനുഷ്യവംശത്തിന് നാണക്കേടാണ്. നമ്മൾ വിനയത്തോടെ മറ്റു ജീവജാതികളോട് ശിഷ്യപ്പെടേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.