എൻ.ഒ.സി കയ്യിൽ തരാമെന്ന് മുഖ്യമന്ത്രി; അതങ്ങ് കയ്യിൽ വെച്ചാൽ മതിയെന്ന് ഉണ്ണിത്താൻ
text_fieldsതിരുവനന്തപുരം: എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും തമ്മിൽ വാക്പോര്. കേരളത്തിനുള്ള എയിംസ് കോഴിക്കോട് സ്ഥാപിക്കാനുള്ള തീരുമാനം യോഗത്തിൽ ഉണ്ണിത്താൻ ശക്തമായി എതിർത്തിരുന്നു.
പിന്നാലെ അടുത്ത അജണ്ടയായി കാഞ്ഞങ്ങാട്-കാണിയൂർ റെയിൽവേ പാത പരിഗണിച്ചപ്പോൾ സംസ്ഥാനം എൻ.ഒ.സി നൽകിയാൽ കർണാടകയിലെ കോൺഗ്രസ് സർക്കാറുമായി ചർച്ചയിൽ താൻ കൂടി മുൻകൈ എടുക്കാമെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. ഇതിൽ പ്രകോപിതനായ മുഖ്യമന്ത്രി എന്നാൽ പിന്നെ കേരളത്തിന്‍റെ എൻ.ഒ.സി എം.പിയുടെ കൈയിൽ തരാമെന്ന് പ്രതികരിച്ചു. അത്തരം പരാമർശങ്ങളൊന്നും വേണ്ടെന്നും അതൊക്കെ കൈയിൽ വെച്ചാൽ മതിയെന്നും തിരിച്ചടിച്ച് ഉണ്ണിത്താനും എഴുന്നേറ്റതോടെയാണ് വാക്പോര് കനത്തത്.
യോഗത്തിന്‍റെ മൂന്നാമത്തെ അജണ്ട ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടതായിരുന്നു. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. പിന്നാലെയാണ് പ്രതിഷേധവുമായി ഉണ്ണിത്താൻ എഴുന്നേറ്റത്. എന്തടിസ്ഥാനത്തിലാണ് കിനാലൂർ എഴുതിക്കൊടുത്തതെന്ന് ഉണ്ണിത്താൻ ചോദിച്ചു. കോഴിക്കോട് പുരാതനമായ മെഡിക്കൽ കോളജുണ്ട്.
കാൻസർ സെന്‍ററും ഏഴ് മൾട്ടി സ്പെഷാലിറ്റി സ്വകാര്യ ആശുപത്രികളുമുണ്ട്. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് കോഴിക്കോട് തെരഞ്ഞെടുത്തതെന്നായിരുന്നു ചോദ്യം. കാസർകോട് ജില്ലയിലെ ചികിത്സസംബന്ധമായ പിന്നാക്കാവസ്ഥയും ഉണ്ണിത്താൻ എണ്ണിപ്പറഞ്ഞു.
ഇതിനു ശേഷമായിരുന്നു റെയിൽവേയുമായി ബന്ധപ്പെട്ട വിഷയം. കാഞ്ഞങ്ങാട്-കാണിയൂർ റെയിൽവേ പാത 2014ൽ സർവേ നടന്നതാണെന്നും പാത അനുയോജ്യമാണെന്നാണ് റിപ്പോർട്ടെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് ആവശ്യമായ പണത്തിന്‍റെയും വസ്തുവിന്‍റെയും 50 ശതമാനം റെയിൽവേ വഹിക്കാമെന്നാണ് അവരുടെ നിലപാട്.
ശേഷിക്കുന്ന 50 ശതമാനം കേരളവും കർണാടകവും ചേർന്ന് വഹിക്കണം. ഇതിൽ കേരളം തങ്ങളുടെ വിഹിതം തരാമെന്നത് സംബന്ധിച്ച് എൻ.ഒ.സി നൽകാൻ തയാറാകണമെന്നായിരുന്നു ഉണ്ണിത്താന്‍റെ ആവശ്യം. ഇതിനോടായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസത്തോടെയുള്ള മറുപടി.
ധന പ്രതിസന്ധി: എം.പിമാർ സംയുക്ത നിവേദനം നൽകും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ എം.പിമാരുടെ യോഗം തീരുമാനിച്ചു. തൈക്കാട് ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച കേരളത്തിൽനിന്നുള്ള എം.പിമാരുടെ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തിന്‍റെ താൽപര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എം.പിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം ലഭിക്കാൻ ഒന്നിച്ചുള്ള ശ്രമങ്ങൾക്ക് തയാറാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. നാടിന്‍റെ പൊതുവായ കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാനാവണമെന്നും വേണുഗോപാലിന്‍റെ വാഗ്ദാനം പൂർണ അർഥത്തിൽ ഉൾക്കൊള്ളുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരമേറിയ ശേഷം സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് രണ്ടു കത്തുകൾ ധനമന്ത്രിക്ക് നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടുകളിലും ഗ്രാന്റുകളിലും കുറവ് വന്ന സാഹചര്യത്തിൽ 24,000 കോടി രൂപയുടെ സ്‌പെഷൽ പാക്കേജ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ബ്രാൻഡിങ്ങിന്റെ പേരിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട പല പദ്ധതികൾക്കുമുള്ള ധനസഹായം അനുവദിക്കാത്തതും സൂചിപ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി 5000 കോടി രൂപയുടെ പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കടുത്ത വരൾച്ച നേരിട്ട സാഹചര്യത്തിൽ കർഷകരുടെ സാമ്പത്തിക നഷ്ടവും പ്രതിസന്ധിയും മറി കടക്കുന്നതിനുള്ള പാക്കേജും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.