വാരപ്പെട്ടി വാഴവെട്ടൽ : കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബി വാഴ വെട്ടിനിരത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കര്‍ഷകന് നഷ്ടപരിഹാരം നല്‍കണമെന്നും നിയമസഭയിൽ അവതരിപ്പിച്ച് സബ്മിഷനിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷകരെയും കര്‍ഷകരെ സ്‌നേഹിക്കുന്നവരെയും വേദനയിലാഴ്ത്തിയ സംഭവമാണ് എറണാകുളം വാരപ്പെട്ടി കാവുംപുറത്ത് നടന്നത്. 220 കെ.വി ലൈനിന് താഴെ തോമസ് എന്ന കര്‍ഷകന്‍ കൃഷിയിറക്കിയ നൂറു കണക്കിന് വാഴകളാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഒരു മുന്നറിയിപ്പുമില്ലാതെ വെട്ടിനശിപ്പിച്ചത്.
വാഴ വെട്ടുന്നതിന് പകരം ഉയരത്തില്‍ പോകേണ്ട 220 കെ.വി ലൈന്‍ താഴേയ്ക്ക് വന്നതായിരുന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നന്നാക്കേണ്ടിയിരുന്നത്. ഓണക്കാലത്ത് വില്‍പനയ്ക്ക് വയ്‌ക്കേണ്ടിയിരുന്ന നാനൂറോളം വാഴകളാണ് മനസാക്ഷിയുമില്ലാതെ വെട്ടിമാറ്റിയത്. സ്വര്‍ണം പണയപ്പെടുത്തി ലഭിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ആ കര്‍ഷകന്‍ പമ്പ് സെറ്റ് സ്ഥാപിച്ചത്. കടം വാങ്ങിയാണ് വാഴ തൈകള്‍ വാങ്ങിയത്. ഓണമാകുമ്പോള്‍ വാഴക്കുലകള്‍ വിറ്റ് കടം വീട്ടാമെന്ന പ്രതീക്ഷയില്‍ ഇരിക്കുമ്പോഴാണ് വെട്ടിനിരത്തില്‍ നടത്തിയത്.
ഇത്തരം കുറ്റം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കര്‍ഷകനുണ്ടായിരിക്കുന്ന നഷ്ടം പൂര്‍ണമായും നികത്താനും സര്‍ക്കാര്‍ തയാറാകണം. കാര്‍ഷികവൃത്തിയെയും കര്‍ഷകരെയും അപമാനിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും ആവര്‍ത്തിക്കാന്‍ പാടില്ല. കെ.വി ലൈന്‍ താഴേയ്ക്ക് പോകുന്നത് പരിഹരിക്കുന്നത് സംബന്ധിച്ചും നടപടിയുണ്ടാകണമെന്ന വി.ഡി സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.