വാർഡ് വിഭജനം പരിഹാരമല്ല; പുതിയ പഞ്ചായത്തുകൾ രൂപവൽകരിക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം : പുതിയ വാർഡ് വിഭജനം പരിഹാരമല്ലെന്നും പുതിയ പഞ്ചായത്തുകൾ രൂപവൽകരിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി, സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അധികാരവും വിഭവങ്ങളും സന്തുലിതമായി വിതരണം ചെയ്യപ്പെടുന്നതിൻ്റെ ഭാഗമായ വികേന്ദ്രീകരണ പദ്ധതിയായാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രൂപീകരിക്കപ്പെട്ടത്. ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ ശാക്തീകരിക്കപ്പെടേണ്ടത് ജനാധിപത്യത്തിന്റെ വികേന്ദ്രീകൃത സ്വഭാവമാണ്. ഇതിന് വേണ്ടി പഞ്ചായത്തുകളും വാർഡുകളും ജനസംഖ്യ അടിസ്ഥാനത്തിൽ സന്തുലിതമായി വിഭജിക്കപ്പെടണം എന്നാണ് പഞ്ചായത്തീരാജ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഈ തത്വങ്ങൾക്ക് എതിരാണ് കേരള സർക്കാർ ഇപ്പോൾ പാസാക്കിയിരിക്കുന്ന വാർഡ് വിഭജന ബില്ല് . നിലവിലെ വാർഡുകളുടെയും പഞ്ചായത്തുകളുടെയും ഘടന തന്നെ അനീതിയും അസന്തുലിതത്വവും നിറഞ്ഞതാണ്. എന്നാൽ ഇത് പരിഹരിക്കുന്നതിന് പകരം അസന്തുലിതത്വം വർദ്ധിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പാസാക്കിയിരിക്കുന്ന ഭേദഗതി. പുതിയ ഭേദഗതി അനുസരിച്ച് എല്ലാ പഞ്ചായത്തിലും ഒരു വാർഡ് വീതം കൂടുകയാണ്. ഇതിലൂടെ അധികാര വിഭവ വിതരണത്തിൽ വലിയ അനീതി ഉണ്ടാകും.
8000 ത്തിൽ താഴെ മാത്രം വോട്ടർമാരുള്ള 15 പഞ്ചായത്തുകൾ സംസ്ഥാനത്ത് ഉണ്ട്. പതിനായിരത്തിൽ താഴെ വോട്ടർമാരുള്ള 37 പഞ്ചായത്തുകളും, പതിനയ്യായിരത്തിൽ താഴെ വോട്ടർമാർ ഉള്ള 181 പഞ്ചായത്തുകളും നിലവിലുണ്ട്. സംസ്ഥാന ശരാശരി ആയ 22000 ത്തിൽ താഴെ വോട്ടർമാരുള്ള 475 പഞ്ചായത്തുകൾ സംസ്ഥാനത്തുണ്ട് . ഇവിടെ ഒന്നും അധികമായി വാർഡ് രൂപീകരിക്കേണ്ട ആവശ്യമില്ല. സങ്കുചിത കക്ഷിരാഷ്ട്രീയ താൽപര്യത്തിനുവേണ്ടിയുള്ള തീരുമാനമാണ് ഇത്. എന്നാൽ മറുവശത്ത്, 45000 ത്തിൽ കൂടുതൽ വോട്ടർമാരുള്ള നാലു പഞ്ചായത്തുകൾ, 40000 കൂടുതൽ വോട്ടർമാരുള്ള 18 പഞ്ചായത്തുകൾ, 35000 ൽ കൂടുതൽ വോട്ടർമാരുള്ള 57 പഞ്ചായത്തുകൾ, മുപ്പതിനായിരത്തിൽ കൂടുതൽ വോട്ടർമാരുള്ള 146 പഞ്ചായത്തുകൾ, 25,000 ത്തിൽ കൂടുതൽ വോട്ടർമാരുള്ള 309 പഞ്ചായത്തുകൾ എന്നിവ കേരളത്തിലുണ്ട്. ഈ പഞ്ചായത്തുകളിലും ഒരു വാർഡ് മാത്രമാണ് കൂടുന്നത്.
വളരെ കുറഞ്ഞ ജനസംഖ്യ ഉള്ള, 13 വാർഡ് മാത്രമുള്ള 200 ഉം 300 ഉം മാത്രം വോട്ടർമാർ വാർഡുകളിൽ ഉള്ള പഞ്ചായത്തുകളിൽ വീണ്ടും വാർഡുകളുടെ എണ്ണം കൂട്ടുകയും 2000 വും 2500 ഉം 2700 ഉം ഒക്കെ വോട്ടർമാർ വാർഡുകളിൽ ഉള്ള പഞ്ചായത്തുകളിൽ ഒരു വാർഡ് മാത്രം കൂട്ടുകയും ചെയ്യുന്നത് ഒരിക്കലും നീതിപൂർവകമല്ല. ജനസംഖ്യാനുപാതികമായി സന്തുലിതത്വം എന്ന തത്വം പാലിക്കപ്പെടും വിധം പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുകയാണ് വേണ്ടത്. 40000 അധികം ജനസംഖ്യ വരുന്ന, 30000 കൂടുതൽ വോട്ടർമാർ ഉള്ള പഞ്ചായത്തുകൾ വിഭജിച്ച് പുതിയ 146 പഞ്ചായത്തുകൾ ഉണ്ടാക്കണം. അതേസമയം, 15000 ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള, പതിനായിരത്തിൽ താഴെ മാത്രം വോട്ടർമാരുള്ള 180 പഞ്ചായത്തുകളും നിലവിൽ തന്നെ സംസ്ഥാന ശരാശരിയെക്കാൾ വളരെ താഴെ വോട്ടർമാരുള്ള 152 പഞ്ചായത്തുകളും ഉൾപ്പെടെ 332 പഞ്ചായത്തുകളിൽ വാർഡ് വിഭജനം അനിവാര്യമാക്കുന്ന പുതിയ നിയമം റദ്ദ് ചെയ്യുകയും വേണം. സന്തുലിതവും നീതിയുക്തവുമായ വിഭജനം സാധ്യമാകുന്ന പുതിയ ഭേദഗതി കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം.
ജില്ല തിരിച്ചു പഞ്ചായത്തുകളുടെ എണ്ണവും വാർഡുകളുടെ എണ്ണവും വോട്ടർമാരുടെ അനുപാതവും പരിശോധിക്കുമ്പോൾ മലപ്പുറം കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, ജില്ലകളിൽ വലിയ അന്തരം കാണാൻ കഴിയുന്നു. മലപ്പുറം ജില്ലയിൽ 33 കൊല്ലം ജില്ലയിൽ 15 കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ 14 വീതം.തൃശ്ശൂർ ജില്ലയിൽ 10 എന്നിങ്ങനെ പുതിയ പഞ്ചായത്തുകൾ രൂപീകരിക്കപ്പെടേണ്ടതുണ്ട്.
വാർഡ് വിഭജനത്തിലെ അസന്തലിതത്വം പരിഹരിക്കുന്നതിന് ഒരു വാർഡ് മാത്രം കൂട്ടുന്ന നിർദ്ദേശം പിൻവലിക്കുകയും. സന്തുലിതത്വം ഉറപ്പുവരുത്തിയും ആവശ്യാനുസരണം രണ്ടും മൂന്നും നാലും അഞ്ചും വാർഡുകൾ കൂടും വിധമുള്ള പുതിയ വിഭജനത്തിന് സർക്കാർ സന്നദ്ധമാകണം. നേരത്തെ വിഭജിക്കണമെന്ന് പറഞ്ഞ 146 പഞ്ചായത്തുകൾക്ക് പുറമേ കൂടുതൽ വോട്ടർമാർ ഉള്ള 6 പഞ്ചായത്തുകളിൽ 5 വാർഡ് വിധവും 49 പഞ്ചായത്തുകളിൽ 4 വാർഡ് വീതവും 154 പഞ്ചായത്തുകളിൽ 3 വാർഡ് വീതവും 189 പഞ്ചായത്തുകളിൽ 2 വാർഡ് വീതവും 158 പഞ്ചായത്തുകളിൽ ഒരു വാർഡ് വീതവും കൂട്ടുന്ന തീരുമാനം എടുക്കണം. ഇതിന് സർക്കാർ സന്നദ്ധമാകണം. ഈ രീതിയിൽ നിയമത്തിൽ ഭേദഗതി വരുത്തുകയും നിയമനിർമ്മാണം നടത്തുകയും വേണം . ഈ ആവശ്യം പൂർത്തീകരിക്കുന്നതു വരെ വാർഡ് വിഭജന നടപടികൾ നിർത്തി വെക്കാൻ സർക്കാർ തയ്യാറാകണമെന്നും വെൽഫെയർ പാർട്ടി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.