തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പൊലീസുകാരിക്കെതിരെ നടപടി; ഡി.സി.പിയുടേത് ശ്രദ്ധനേടാനുള്ള പൊടിക്കൈയെന്ന് വിമർശനം
text_fieldsകൊച്ചി: മേലുദ്യോഗസ്ഥയായ തന്നെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പൊലീസുകാരിക്കെതിരെ നടപടിയെടുത്ത കൊച്ചി സിറ്റി ഡി.സി.പി ഐശ്വര്യ ഡോംഗ്രേക്ക് ആഭ്യന്തര വകുപ്പിെൻറ താക്കീത്. ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റിയിലെ സ്റ്റേഷനുകളിലെത്തി ഇത്തരം പെരുമാറ്റം നടത്തരുതെന്ന രൂക്ഷമായ വിമർശനമാണ് അധികൃതർ നടത്തിയത്. വിവാദം വാർത്തയായതോടെ ആഭ്യന്തര വകുപ്പ് സംസ്ഥാന ഇൻറലിജൻസിനോട് റിപ്പോർട്ട് ചോദിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് താക്കീത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മഫ്തിയിൽ എറണാകുളം നോർത്ത് സ്റ്റേഷനോട് ചേർന്നുപ്രവർത്തിക്കുന്ന വനിത സ്റ്റേഷനിൽ ഡി.സി.പി എത്തിയത്. ഔദ്യോഗിക വാഹനം നോർത്ത് സ്റ്റേഷൻ വളപ്പിലിട്ട ശേഷമാണ് ഇവിടേക്ക് കടന്നുവന്നത്. സ്റ്റേഷനുള്ളിലേക്ക് കയറിപ്പോയ ഇവരെ പാറാവുനിന്ന വനിത പൊലീസ് തടഞ്ഞു. കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണമുള്ളതിനാലായിരുന്നു തടഞ്ഞത്. ആളെ മനസ്സിലായതോടെ അവർ പിൻവാങ്ങുകയും ചെയ്തു.
അതേസമയം, തന്നെ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ ഡി.സി.പി പൊലീസുകാരിയെ രണ്ടുദിവസത്തെ ട്രാഫിക് ഡ്യൂട്ടിയിലേക്ക് സ്ഥലം മാറ്റി. ട്രാഫിക് ഡ്യൂട്ടി ആറു മണിക്കൂർ ആയിരിക്കെ ഇവരെക്കൊണ്ട് തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യിപ്പിച്ചു. ഇതോടെ വിഷയം പൊലീസുകാർക്കിടയിലും സജീവചർച്ചയായി.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഇവർ കൊച്ചി സിറ്റി പൊലീസിൽ ചുമതലയേറ്റ് 10 ദിവസംപോലും സ്ഥലത്തില്ലാതിരുന്ന ഉദ്യോഗസ്ഥ സിവിൽ ഡ്രെസിലെത്തിയാൽ എങ്ങനെ തിരിച്ചറിയുമെന്ന് അവർ ചോദിക്കുന്നു. പൊലീസുകാരുമായി കൂടിക്കാഴ്ചകളൊന്നുമുണ്ടായിട്ടുമില്ല. താൻ കൊച്ചിയിലെത്തിയത് മറ്റുള്ളവരെ അറിയിക്കാനും ശ്രദ്ധനേടാനുമായി ഉദ്യോഗസ്ഥ നടത്തിയ പൊടിക്കൈ ആയാണ് പൊലീസുകാർ ഈ പ്രവൃത്തിയെ വിമർശിക്കുന്നത്.
മുതിർന്ന ഉദ്യോഗസ്ഥരെ പൊലീസുകാർ തിരിച്ചറിയേണ്ടത് ആവശ്യമാണ്. എന്നാൽ, മുഖാവരണം ധരിക്കേണ്ട കോവിഡ് കാലത്ത് എപ്പോഴും കാണുന്നവരെപ്പോലും മനസ്സിലാകാത്ത സാഹചര്യമാണെന്നും അതിനാൽ ഇത്തരം നടപടികൾ ഉചിതമല്ലെന്നും പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി എൻ.വി. നിഷാദ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.