സർക്കാർ നിലപാട് കർഷകദ്രോഹം; റോഷി അഗസ്റ്റിന് കത്തോലിക്ക സഭയുടെ താക്കീത്
text_fieldsതൊടുപുഴ: സംസ്ഥാനത്ത് ശാശ്വത പരിഹാരമില്ലാതെ നീളുന്ന ഭൂപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മലയോര കർഷകരുടെ കണ്ണീരിന് വിലകൽപിക്കുന്നില്ലെന്നതടക്കം കുറ്റം ചുമത്തി പിണറായി സർക്കാറിനോട് കടുത്ത നിലപാട് സ്വീകരിക്കാൻ കത്തോലിക്ക സഭ.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ പ്രതികൂല ജനവികാരം കണക്കിലെടുക്കാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും സർക്കാറിനെതിരായ നിലപാടിന് മറ്റൊരു താൽപര്യവും തടസ്സമാകരുതെന്നും വ്യക്തമാക്കിയ ഇടുക്കി രൂപത, മലയോര മേഖല വിവിധ ഭൂപ്രശ്നങ്ങളിൽ ഉഴലുമ്പോൾ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന നീരസം കേരള കോൺഗ്രസ് പ്രതിനിധിയായ മന്ത്രി റോഷി അഗസ്റ്റിനെ അറിയിച്ചു.
മലയോര കർഷകരെ ബാധിക്കുന്ന സങ്കീർണ വിഷയങ്ങളിൽ എൽ.ഡി.എഫ് സർക്കാറിന്റെ നിലപാട് വിശ്വാസയോഗ്യമല്ലെന്നും സർക്കാറിനെ അന്ധമായി ന്യായീകരിക്കുന്നതിൽനിന്ന് നിശ്ശബ്ദത പാലിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായാണ് സൂചന.
റോഷിക്ക് എക്കാലവും പിന്തുണ നൽകിവരുന്ന ഇടുക്കി രൂപത ഏലമലക്കുന്നുകൾ സംബന്ധിച്ച കർഷകരെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹിഷ്കരിച്ചിരുന്നു. സർക്കാർ നിലപാട് ന്യായീകരിക്കുകയല്ലാതെ പ്രായോഗിക നീക്കങ്ങളൊന്നും പ്രതീക്ഷിക്കാത്തതിനാലാണ് വിട്ടുനിന്നതെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് സർക്കാറിന്റേത് കർഷക ദ്രോഹമെന്ന് വ്യക്തമാക്കി റോഷിയെ സഭയുടെ നീരസം അറിയിച്ചത്.
ഏലമലക്കുന്നുകൾ (സി.എച്ച്.ആർ) റവന്യൂ ഭൂമിയോ വനഭൂമിയോ എന്ന വിഷയത്തിൽ സുപ്രീംകോടതിയിൽനിന്ന് പ്രതികൂല ഇടക്കാല ഉത്തരവുണ്ടായത് സർക്കാറിന്റെ വീഴ്ചയെന്നാണ് കത്തോലിക്ക സഭ വിലയിരുത്തുന്നത്. സർക്കാർ പലപ്പോഴായി നൽകിയ ഏലമലക്കുന്നുകളുടെ വിസ്തീർണം സംബന്ധിച്ച കണക്കുകളിലെ വൈരുധ്യവും സർക്കാർ അഭിഭാഷകൻ ഫലപ്രദ ഇടപെടൽ നടത്താത്തതുമാണ് സി.എച്ച്.ആറിൽ പട്ടയം നൽകുന്നത് വിലക്കുന്നതടക്കം നടപടിയുണ്ടാകാൻ കാരണമായത്.
ഭൂപരിഷ്കരണ നിയമഭേദഗതി കൊണ്ടുവന്ന് നാളുകളായിട്ടും ചട്ടംരൂപവത്കരണം വൈകുന്നതാണ് കത്തോലിക്ക സഭയുടെ മറ്റൊരു മുഖ്യ വിഷയം. കർഷകരെ ബാധിക്കുന്ന സി.എച്ച്.ആറിൽ അന്തിമവിധി തിരിച്ചടിയാകുമെന്ന ഭീതിയുമുണ്ട് സഭക്ക്. കർഷകർക്കൊപ്പം നിൽക്കേണ്ട കേരള കോൺഗ്രസ് മാണി വിഭാഗം, സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ഭയന്ന് ശക്തമായ നിലപാട് എടുക്കുന്നില്ലെന്ന ആക്ഷേപവും ഇടുക്കി രൂപതക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.