വാക്സിനെടുക്കാത്തവർക്കെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പ്
text_fieldsആലപ്പുഴ: വാക്സിനെടുക്കാത്തവർക്കെതിരെ കേസെടുക്കുമെന്ന സി.പി.എം ഭരിക്കുന്ന ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കെ. വേണുകുമാറിെൻറ ഫേസ്ബുക് കുറിപ്പ് വിവാദത്തിൽ. വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച് പഞ്ചായത്തിൽ വാക്സിൻ എടുക്കാതിരിക്കുന്നവരുടെ നടപടി അംഗീകരിക്കില്ല. ഇല്ലെങ്കിൽ പൊലീസ് ഇടപെട്ട് വാക്സിൻ നൽകാൻ നപടിയെടുക്കുമെന്നും പകർച്ചവ്യാധി നിരോധനനിയമപ്രകാരം കേസെടുക്കുമെന്നുമുള്ള പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്.
നമ്മുടെ പഞ്ചായത്തിൽ ഇനി 868പേർ വാക്സിനെടുക്കാനുണ്ട്. ഇതിൽ കുറച്ചുപേർ അലർജി കാരണം എടുക്കാത്തതാണ് (അവർ ഡോക്ടർ സർട്ടിഫിക്കറ്റും അപേക്ഷയും മെഡിക്കൽ ഓഫിസർക്ക് നൽകുക). കുറേപേർ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവരാണ്. അവരുടെ വാക്സിൻ വീട്ടിൽ വന്നെടുക്കാൻ പഞ്ചായത്ത് അനുമതി തേടിയിട്ടുണ്ട്. പോസിറ്റിവ് ആയിട്ടുള്ളവർക്ക് പിന്നീട് അവസരം നൽകും. ബാക്കിയുള്ളവർ വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച് എടുക്കാതിരിക്കുകയാണ്. അത് ജില്ല കലക്ടറും ഭരണകൂടവും അംഗീകരിച്ച് തരില്ല. പൊലീസ് ഇടപെട്ട് അവർക്ക് വാക്സിൻ നൽകാൻ വേണ്ട നടപടി സ്വീകരിക്കും. അതിന് അവസരം നൽകാതെ അടുത്ത ദിവസം തന്നെ ആശാവർക്കറെ സമീപിച്ച് വാക്സിനെടുക്കുക. അല്ലാത്തപക്ഷം ഇവരുടെ മേൽ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതായിരിക്കും -ഇതായിരുന്നു കുറിപ്പ്.
ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് കമൻറ് ബോക്സിൽ നിറയുന്നത്. നിയമപരമായ നടപടി നേരിടേണ്ടിവരുമെന്ന മുഖവുരയോടെയാണ് പലരുടെയും മറുപടി. മൗലികാവകാശമാണ് സാറേ...വാക്സിനെടുക്കാം, എടുക്കാതിരിക്കാം, ഭീഷണിവേണ്ട. മൗലികാവകാശത്തെ തടസ്സപ്പെടുത്തുന്ന രൂപത്തിലുള്ള പ്രചാരണങ്ങൾ ഭരണഘടനാവിരുദ്ധമാണ്. നിർബന്ധിച്ചും ബലം പ്രയോഗിച്ചും വാക്സിനെടുത്താൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് അറിയില്ലേ?. നിർബന്ധിത വാക്സിൻ ഭരണഘടനാവിരുദ്ധമാണ്. അതിന് ശ്രമിച്ചാൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ വകുപ്പുണ്ട്. ഭീഷണിയൊക്കെ അങ്ങ് പോക്കറ്റിൽവെച്ചാൽ മതി...ജനങ്ങളെ മെക്കിട്ട് കേറാൻ നടക്കണ്ട തുടങ്ങിയ പ്രതികരണങ്ങളാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.