സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്, ജാഗ്രതയിൽ പൊലീസ്
text_fieldsതിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകാൻ സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ്. അതിന്‍റെ അടിസ്ഥാനത്തിൽ അതി ജാഗ്രതയിലുള്ള നടപടികളുമായി പൊലീസും. കഴിഞ്ഞ ദിവസം ഡി.ജി.പിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും ഈ മുന്നറിയിപ്പ് ചർച്ചയായതായാണ് വിവരം.
രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ കൈക്കൊള്ളണമെന്നും രഹസ്യാന്വേഷണ വിഭാഗം നൽകുന്ന മുന്നറിയിപ്പുകൾ വളരെ ഗൗരവമായി കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ക്രമസമാധാന നില ഉറപ്പാക്കാൻ അതി ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ആ സാഹചര്യത്തിൽ പ്രശ്ന സാധ്യതയുള്ള മേഖലകളിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. അനാവശ്യമായി ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്തിരുന്നു.
ആലപ്പുഴയിലുണ്ടായ എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പൊലീസ് നടപടികളും യോഗം വിലയിരുത്തി. അത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. പൊലീസ് അതിക്രമ സംഭവങ്ങൾ ഒഴിവാക്കാനും ഗുണ്ട, മാഫിയ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.
ഇത്തരം പ്രവർത്തനങ്ങൾ തടയാൻ ഏർപ്പെടുത്തിയ സ്ക്വാഡുകൾ ഉൾപ്പെടെ സംവിധാനത്തെക്കുറിച്ചും 'ഓപറേഷൻ കാവൽ' പദ്ധതിയുടെ പുരോഗതിയും പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കു മുന്നിൽ വിശദീകരിച്ചു. ഒമിക്രോൺ വ്യാപന സാഹചര്യം കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നടപടികളും പൊലീസ് കൈക്കൊള്ളും. അന്തർ സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ അതി ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനും തീരുമാനമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.