വാറൻറുണ്ടെങ്കിൽ സീറ്റ് പോകും; ജാമ്യമെടുക്കാൻ നേതാക്കൾ കോടതികളിലേക്ക്
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ക്രിമിനൽ കേസുകൾ റദ്ദാക്കാനും ജാമ്യമെടുക്കാനും നേതാക്കളുടെ പരക്കംപാച്ചിൽ.
ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതിയുള്ളതിനാൽ, എം.എൽ.എമാർക്കും മറ്റും ഈ കോടതിയെ സമീപിച്ച് കേസുകളിൽ തടയിടാം. എന്നാൽ, സ്ഥാനാർഥിമോഹികളായ നേതാക്കൾക്കാണ് കേസുകൾ ഇപ്പോൾ തലവേദനയായിരിക്കുന്നത്.
കീഴ്കോടതികളെ സമീപിച്ചും ഹൈകോടതിയിൽ കേസുകൾ റദ്ദാക്കാൻ ഹരജികൾ നൽകിയും സാഹചര്യം നേരിടാനുള്ള നെട്ടോട്ടത്തിലാണിവർ.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൂറുകണക്കിന് നേതാക്കൾ കേസിൽനിന്ന് ഒഴിവാകാനും നടപടികൾ തടയാനും കോടതികളെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ശനിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യേക കോടതിയിലെത്തി ജാമ്യമെടുത്തു. മെട്രോ റെയിൽ ഉദ്ഘാടനേത്താടനുബന്ധിച്ച് പ്രതിഷേധ കൂട്ടയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലടക്കം പ്രതികളാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നിലവിലെ പല എം.എൽ.എമാരുമടക്കം നേതാക്കൾ.
പ്രതിഷേധ സമരങ്ങളുടെ ഭാഗമായി പൊതുസ്വത്ത് നശിപ്പിച്ചതിനടക്കം ഒട്ടേറെ നേതാക്കൾക്കെതിരെ കേസുകൾ നിലവിലുണ്ട്. സ്ഥാനാർഥിയായി നറുക്ക് വീണാൽ ഈ കേസുകൾ തടസ്സമാകാതിരിക്കാനാണ് നെട്ടോട്ടം.
നാമനിർദേശ പത്രികക്കൊപ്പം നൽകേണ്ട സത്യവാങ്മൂലത്തിൽ കേസുകളുടെ വിശദാംശങ്ങളെക്കുറിച്ച് വിവരം തേടുന്നുണ്ട്. കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കോ വാറൻറുണ്ടായിട്ടും കോടതിയിൽ ഹാജരാവുകയോ ജാമ്യമെടുക്കുകയോ ചെയ്യാതിരുന്നവർക്കും മത്സരിക്കാനാകില്ല.
രാഷ്ട്രീയ പ്രവർത്തനത്തിെൻറ ഭാഗമായി ഒട്ടേറെ കേസുകളിൽ പ്രതികളായവർക്ക് ഇതിൽ പല കേസുകളിലും കോടതി മുഖേന വാറൻറ് ആകാറുണ്ടെങ്കിലും അറിയുന്നതും അറിഞ്ഞാൽതന്നെ കോടതിയിൽ ഹാജരാകുന്നതും വിരളമാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാസങ്ങളായി കേസുകൾ റദ്ദാക്കാനുള്ള ഒട്ടേറെ ഹരജികൾ ഹൈകോടതിയിലെത്തുന്നുണ്ട്.
എം.എൽ.എമാരടക്കം നിലവിലെ ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും നൽകിയ ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലാണ്. ചില കേസുകൾ റദ്ദാക്കിയും ചിലതിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കീഴ്കോടതികൾക്ക് നിർദേശം നൽകിയും തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.