വീണ്ടും യുദ്ധകാലം; ലോകസമാധാനത്തിന് പ്രഖ്യാപിച്ച പദ്ധതി മറന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: ലോകസമാധാനത്തിന് ശക്തിപകരാൻ കഴിഞ്ഞ വർഷത്തെ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഒന്നര വർഷത്തിനു ശേഷവും നടപ്പായില്ല; പദ്ധതിക്ക് നീക്കിവെച്ച രണ്ടുകോടി രൂപ ചെലവിട്ടതുമില്ല. മന്ത്രി കെ.എൻ. ബാലഗോപാൽ 2022 മാർച്ച് 11ന് അവതരിപ്പിച്ച ബജറ്റിലെ ആദ്യ പ്രഖ്യാപനമായിരുന്നു ഇത്. ലോകമെമ്പാടുമുള്ള പ്രഗല്ഭരായ സമാധാന പ്രവർത്തകരെയും ചിന്തകരെയും സംഘടിപ്പിച്ച് ഓൺലൈൻ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാനും സമാധാന പ്രസ്ഥാനങ്ങൾക്ക് ശക്തിപകരാനുമായി രണ്ടുകോടി നീക്കിവെക്കുന്നെന്നായിരുന്നു പ്രഖ്യാപനം. പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്ന ലോക സമാധാന സമ്മേളനംതന്നെ വിളിച്ചു ചേർക്കാർ കൊച്ചുകേരളത്തിലെ വിവിധ സ്ഥാപനങ്ങൾ ചേർന്ന് മുൻകൈ എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏറ്റവും കൂടുതൽ ട്രോളുകൾ വന്നതും സമൂഹമാധ്യമങ്ങളിലടക്കം ചർച്ച നടന്നതും ഇതിനെക്കുറിച്ചായിരുന്നു.
പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന ധാരണ ഒന്നര വർഷം കഴിഞ്ഞിട്ടും സർക്കാറിന് ഉണ്ടായില്ല. സാധാരണ ബജറ്റിലെ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനായി അക്കൗണ്ട് ഹെഡ് ഉണ്ടാക്കും. ഇക്കാര്യത്തിൽ ഇതുവരെ അക്കൗണ്ട് ഹെഡ് ഉണ്ടാക്കിയിട്ടില്ല. ഏതു വകുപ്പ് ഇത് ഏറ്റെടുക്കണമെന്നും ധാരണയായിരുന്നില്ല. പ്രഖ്യാപനത്തിനും ചർച്ചകൾക്കും ശേഷം ഇതൊക്കെ എല്ലാവരും മറന്നു.
ഗുജറാത്തിലെ ഒരു സംഘടന പദ്ധതി നടപ്പാക്കാൻ മുൻകൈ എടുത്ത് രംഗത്ത് വന്നിരുന്നു. സർക്കാറിന് ലഭിച്ച കത്ത് ധനവകുപ്പിന് കൈമാറി. അപ്പോഴാണ് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഒന്നുമായില്ലെന്ന് വ്യക്തമായത്. ആരെയെങ്കിലും ഏൽപിക്കുമോ അതോ നടപ്പാകാത്ത പദ്ധതികളിലേക്ക് ഉപേക്ഷിക്കുമോ എന്നും വ്യക്തമല്ല.
കാലാവസ്ഥവ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും ഭീഷണി മാറി വരുമ്പോഴേക്കും യുദ്ധത്തിന്റെയും വിലക്കയറ്റത്തിന്റെയും ഭീഷണി ലോകമെമ്പാടും മനുഷ്യന്റെ സ്വസ്ഥത തകർക്കുകയാണെന്ന് നിരീക്ഷിച്ച ധനമന്ത്രി റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിന്റെയും സർവവും നശിപ്പിക്കാൻ സാധ്യതയുള്ള ആണവയുദ്ധത്തിന്റെയും വക്കലിലെത്തിച്ചെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴും അതിന് സാധ്യത പൂർണമായും ഒഴിഞ്ഞുപോയിട്ടില്ല.
ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഓർമ സമാധാനത്തിനായി പ്രയത്നിക്കാൻ നമ്മെ ഓരോരുത്തരെയും ബാധ്യസ്ഥരാക്കുന്നു. ഞാൻ ബലത്തിനാളല്ല എന്നു പറഞ്ഞ് മാറി നിൽക്കുകയല്ല ഈ സന്ദർഭത്തിൽ വേണ്ടത്, നമ്മളോരോരുത്തരും അതിനായി എളിയ സംഭാവന ചെയ്യണം. അങ്ങനെയൊരു നല്ലകാര്യത്തിനാകട്ടെ 2022-23 ലെ സംസ്ഥാന ബജറ്റിന്റെ ആദ്യ പ്രഖ്യാപനം എന്നും മന്ത്രി വാചാലനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.