മാലിന്യനിർമാർജനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം
text_fieldsതിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി അപകടത്തിൽപെട്ട ശനിയാഴ്ച ആരംഭിച്ച റെയിൽവേയും സർക്കാറും തമ്മിലെ ശീതസമരം ഉച്ചസ്ഥായിയിലേക്ക്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, റെയിൽവേ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാനാണ് സാധ്യത.
അങ്ങനെയെങ്കിൽ സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ കുന്നുകൂടുന്ന ജൈവ, അജൈവ മാലിന്യത്തെക്കുറിച്ചും ജലാശയങ്ങൾ മലിനമാക്കുന്ന നടപടിയും ഉന്നയിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കും നിയമനടപടിക്കും സർക്കാർ മുതിർന്നേക്കും. യോഗത്തിനു മുന്നോടിയായി റെയിൽവേയുടെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ബുധനാഴ്ച നഗരസഭ സെക്രട്ടറിയും സബ് കലക്ടറും അടങ്ങുന്ന സംഘം റെയിൽവേ സ്റ്റേഷൻ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കി. വ്യാഴാഴ്ചയിലെ യോഗത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. യോഗത്തിൽ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം-റെയിൽവേ, ആരോഗ്യം, ജലവിഭവ മന്ത്രിമാരും ബന്ധപ്പെട്ട എം.എൽ.എമാരും മേയറും പങ്കെടുക്കും.
റെയിൽവേക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ റെയിൽവേക്ക് നോട്ടീസയച്ചു. കേസിൽ അന്തിമ തീരുമാനമെടുക്കുംമുമ്പ് റെയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഡിവിഷനൽ റെയിൽവേ മാനേജർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.