മാലിന്യ നിർമാർജനം: വാഹനങ്ങൾ നിരീക്ഷിക്കാൻ ആപ് തയാറാക്കുന്നതായി സർക്കാർ
text_fieldsകൊച്ചി: തദ്ദേശസ്ഥാപനങ്ങളിൽനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങളെ പിന്തുടർന്ന് നിരീക്ഷിക്കാൻ മൊബൈൽ ആപ് വികസിപ്പിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. ഇതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തിയതായും ഓൺലൈൻ മുഖേന ഹാജരായ അഡീ. പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ അറിയിച്ചു. സംസ്ഥാനത്താകെ 32,000 ജീവനക്കാരെ മാലിന്യം ശേഖരിക്കാൻ നിയോഗിച്ചിട്ടുണ്ട്. സ്ക്രാപ് കച്ചവടക്കാരുടെ കണക്ക് അടക്കം തയാറാക്കി പ്രത്യേക സംവിധാനത്തിന്റെ ഭാഗമായി കൊണ്ടുവരും. ശേഖരിക്കുന്ന പ്ലാസ്റ്റിക് വെള്ളത്തിലും സ്വകാര്യസ്ഥലത്തും ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ബ്രഹ്മപുരത്ത് മാലിന്യമലയ്ക്ക് തീപിടിച്ചതിനെത്തുടർന്ന് സ്വമേധയാ എടുത്ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ജി.പി.എസ് സംവിധാനത്തിലടക്കം കൃത്രിമം കാട്ടാനുള്ള സാധ്യത കണക്കിലെടുക്കണമെന്നും മാലിന്യം എവിടേക്ക് കൊണ്ടുപോകുന്നു, എവിടെ നിക്ഷേപിക്കുന്നു എന്നതിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഫ്ലോ ചാർട്ട് സൂക്ഷിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അതേസമയം, മാലിന്യം പൊതുനിരത്തിലടക്കം വലിച്ചെറിയുന്നതിനെതിരെ വിദ്യാർഥികളെ ബോധവത്കരിക്കുന്ന നടപടി ഫലപ്രദമാകണമെങ്കിൽ ഇതിന് അധ്യാപകരെ പ്രാപ്തരാക്കണം. ശുചിത്വ സന്ദേശം വിദ്യാർഥികളിൽ എത്തിക്കാനുള്ള നിർദേശം പൊതു വിദ്യാഭ്യാസ ഡയറക്ടർ അധ്യാപകർക്ക് നൽകണമെന്ന് നിർദേശിച്ച കോടതി, കോർപറേഷനുകളിൽ മാലിന്യസംസ്കരണത്തിന് ഒരുക്കിയ സൗകര്യങ്ങളും വിലയിരുത്തി. പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നത് കാര്യക്ഷമമാക്കിയാൽ നിർമാർജനം എളുപ്പമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ പ്രധാനകേന്ദ്രങ്ങളിൽ െവച്ചിരിക്കുന്ന ബൂത്തുകളുടെ എണ്ണം അപര്യാപ്തമാണെന്നും പരിഹരിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.