മാലിന്യ സംസ്കരണം: വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ശമ്പളത്തിന് ധാർമികമായി അവകാശമില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: മാലിന്യസംസ്കരണത്തിന്‍റെ ഉത്തരവാദിത്തമുള്ള തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ശമ്പളം വാങ്ങാൻ ധാർമികമായി അവകാശമില്ലെന്ന് ഹൈകോടതി. ഇത്തരത്തിൽ വാങ്ങുന്ന ശമ്പളം പെൻഷനായേ കരുതാനാകൂവെന്നും ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ബ്രഹ്മപുരത്തെ മാലിന്യത്തിന് തീപിടിച്ച സംഭവത്തെ തുടർന്ന് സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഈ പ്രതികരണം.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വലിയ നഗരങ്ങളിൽ ഏറ്റവും പിന്നിൽ കൊച്ചി കോർപറേഷനാണെന്ന് തദ്ദേശ സ്ഥാപന അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വാദത്തിനിടെ പറഞ്ഞു. തൊട്ടുപിന്നിൽ തിരുവനന്തപുരമാണ്. കോഴിക്കോട് കോർപറേഷന്‍റെ മാലിന്യ സംസ്കരണം മികച്ചതാണ്. മുനിസിപ്പാലിറ്റികളിൽ പുനലൂർ, ആലപ്പുഴ, ചേർത്തല, കുന്നംകുളം മുനിസിപ്പാലിറ്റികളാണ് മുന്നിൽ. അതേസമയം, ചേർത്തല നഗരസഭ മാത്രമാണ് ഇക്കാര്യത്തിൽ മികവ് പുലർത്തുന്നതെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരം എന്ന് കോടതി പ്രതികരിച്ചു.
മാലിന്യസംസ്കരണത്തിനുള്ള നടപടികൾക്ക് ഇപ്പോഴും വേഗം കുറവാണ്. തിരുവനന്തപുരത്ത് ബയോ സി.എൻ.ജി പ്ലാന്‍റിന് തത്ത്വത്തിൽ തീരുമാനമായെങ്കിലും സ്ഥലം കിട്ടിയിട്ടില്ല. മാലിന്യം തള്ളിയതിന് 400 വാഹനങ്ങൾ പിടിച്ചെടുത്തുവെന്ന് അഡീ. ചീഫ് സെക്രട്ടറി അറിയിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് കോടതി പറഞ്ഞു.
മാലിന്യസംസ്കരണത്തിന്‍റെ കാര്യത്തിൽ മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ട്. അതിനായി രക്ഷിതാക്കളെ ബോധവത്കരിക്കാൻ വിദ്യാർഥികളിലൂടെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്നും ഇക്കാര്യത്തിലടക്കം സർക്കാർ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു. കേസിൽ കക്ഷി ചേർന്ന കുഞ്ഞാലിക്കുട്ടി എം.എൽ.എ മണ്ഡലത്തിൽ നടത്തിയ മാലിന്യസംസ്കരണ പദ്ധതികളെ കോടതി പരാമർശിച്ചു. കുഞ്ഞാലിക്കുട്ടി സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച കോടതി മറ്റ് സ്ഥലങ്ങളിൽ ഈ രീതി പിന്തുടരാവുന്നതാണെന്ന് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.